സമൂഹമാധ്യമങ്ങളിൽ യുവാക്കളുടെ അനാവശ്യ കമന്‍റ്​ വേണ്ട -ഹൈകോടതി, മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കേസിലാണ് നിരീക്ഷണം

കൊച്ചി: സമൂഹമാധ്യമങ്ങളിൽ യുവാക്കൾ അനാവശ്യ കമന്‍റുകളിടുന്ന പ്രവണത ഒഴിവാക്കണമെന്ന് ഹൈകോടതി. സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ തൊടുപുഴ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്‌ ആർ.എസ്‌.എസ്‌ പ്രവർത്തകനായ തൊടുപുഴ സ്വദേശി അഖിൽ കൃഷ്‌ണൻ നൽകിയ ഹരജി തീർപ്പാക്കിയാണ്‌ ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍റെ വിമർശനം.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലം പറയുന്നത് ചിലരുടെ വിനോദമായി. അവരെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്​. അവരുടെ പ്രായവും പദവിയും പരിഗണിക്കണം. ഈ കേസിലെ പ്രതിയായ ഹരജിക്കാരൻ 26 വയസ്സുള്ള എൻജിനീയറിങ്‌ വിദ്യാർഥിയാണ്‌.

70 വയസ്സ്​ പിന്നിട്ട മുഖ്യമന്ത്രിയെക്കുറിച്ച്‌ ഫേസ്‌ബുക്കിലൂടെയാണ്‌ അശ്ലീല പരാമർശം നടത്തിയത്‌. മുതിർന്നവരെ ബഹുമാനിക്കുക എന്നത്‌ പരിഷ്‌കൃത സമൂഹത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രായമായവരെ ബഹുമാനിച്ചാൽ അവർ തിരിച്ചും ബഹുമാനിക്കുമെന്നും കോടതി പറഞ്ഞു. അപകീർത്തിപ്പെടുത്തുന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്‌തതിന്​ ഹരജിക്കാരനെതിരെ കേസെടുത്തത് കോടതി റദ്ദാക്കി.

Tags:    
News Summary - No unnecessary comments by youth on social media - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.