മലപ്പുറം: ജില്ലയിലെ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങളെയും സ്ഥലങ്ങളെയും ഉപയോഗപ്രദമാക്കാൻ കുടുംബശ്രീ ‘പുനർജനി’ പദ്ധതി. പഞ്ചായത്ത് പരിധിയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, സ്ഥലങ്ങൾ എന്നിവ പുതിയ ആശയങ്ങൾക്ക് പുനരുപയോഗിക്കുകയാണ് പദ്ധതി ലക്ഷ്യം. ഉപയോഗരഹിതമായ കെട്ടിടങ്ങളുടെ ഔദ്യോഗിക വിവരശേഖരണം നടത്താൻ കലക്ടർ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ടൂറിസം, വനം വകുപ്പുകളുടെ വിവിധ സ്റ്റാളുകൾ കുടുംബശ്രീക്ക് കൈമാറാൻ സന്നദ്ധമാണെന്ന് വകുപ്പ് മേധാവികൾ യോഗത്തിൽ അറിയിച്ചു.
അതേസമയം, പഞ്ചായത്തുകളിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും കണക്കെടുപ്പ് കുടുംബശ്രീ ഇതിനകം പൂർത്തിയാക്കി. വിവരശേഖരണത്തിന് ശേഷം ജില്ലതലത്തിൽ യോഗം ചേർന്ന് പുനരുപയോഗം സംബന്ധിച്ച് ചർച്ച നടത്തും. ജില്ലയിലുടനീളം വിവിധ വകുപ്പുകൾ പല പദ്ധതികൾക്കായി ഒട്ടേറെ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ പലതിന്റെയും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ബഡ്സ് സ്കൂളുകൾ, ജനകീയ ഹോട്ടൽ, ഫാം ടൂറിസം, കിയോസ്ക്, മാർക്കറ്റിങ് ഔട്ട്ലറ്റ്, ട്രൈബൽ ബ്രിജ് സ്കൂളുകൾ, മാസ-ആഴ്ച ചന്തകൾ, ട്രസ്റ്റ് ഷോപ്പുകൾ, മൈക്രോ സംരംഭക യൂനിറ്റുകൾ തുടങ്ങിയവ ആരംഭിക്കുകയാണ് ലക്ഷ്യം.
സർക്കാറിന്റെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ളപ്പോൾ പലയിടങ്ങളിലും വലിയ തുക വാടക നൽകി സ്വകാര്യ സ്ഥലവും കെട്ടിടവും വിവിധ സംരംഭങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. അതും ഇതിലൂടെ അവസാനിപ്പിക്കാം. കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ, മൈക്രോ സംരംഭകർ, ആശ്രയ ഗുണഭോക്താക്കൾ, ബഡ്സ്/ ബി.ആർ.സി ഗുണഭോക്താക്കൾ, പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ സ്ഥലങ്ങൾ, കടമുറികൾ എന്നിവ വാടകക്കോ സ്ഥിരമായോ ഉപയോഗപ്പെടുത്തും. കുടുംബശ്രീക്ക് കീഴിലുള്ള 111 സി.ഡി.എസ് സംവിധാനം ഉപയോഗിച്ചാണ് ഒഴിഞ്ഞും ഉപയോഗിക്കാതെയും കിടക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.