നാല് ചാക്ക് അരി കയറ്റിയതിന് നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമക്ക് തെറിവിളി, ജീവനക്കാരന് മർദനം

പോത്തൻകോട് (തിരുവനന്തപുരം): പോത്തൻകോട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമയ്ക്ക് നേരെ തെറി വിളിയും ജീവനക്കാരന് മർദനവും. തിരുവനന്തപുരം പോത്തൻകോട് മൊത്തവ്യാപാര സ്ഥാപനത്തിലാണ് യൂണിയനുകളുടെ അതിക്രമം.

എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി സംയുക്ത ട്രേഡ് യൂണിയനുകളിൽപ്പെട്ടവരാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. സംഭവത്തിനെതിരെ കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനും മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കുമടക്കം പരാതി നൽകി.

ഇക്കഴിഞ്ഞ 24ന് പോത്തൻകോട് ജങ്ഷനിലെ നസീല ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലാണ് സംഭവം. രാവിലെ 10.30 മണിയ്ക്ക് റീട്ടെയ്‍ലർ കടയിലേക്ക് നാല് ചാക്ക് അരി ലോറിയിൽ കയറ്റാൻ കയറ്റിറക്ക് തൊഴിലാളികളെ വിളിച്ചു. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് കടയിലെ തൊഴിലാളികൾ തന്നെ അരി ലോറിയിൽ കയറ്റി. ഈ സമയം കയറ്റിറക്ക് തൊഴിലാളികൾ വരികയും ലോറി തടയുകയും ജീവനക്കാരനെ തെറിവിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

തുടർന്ന് കടയുടെ മുന്നിലെത്തി സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളുടെ മുമ്പിൽ വച്ച് കേട്ടാൽ അറയ്ക്കുന്ന രീതിയിൽ കട ഉടമ അബ്ദുൽ സലാമിനെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും നോക്കുകൂലി ആവശ്യപ്പെടുകയും അത് കൊടുക്കാൻ നിർബന്ധിതരാവുകയും ചെയ്തായി അബ്ദുൽസലാം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന് നൽകിയ പരാതിയിൽ പറയുന്നു. നോക്കുകൂലി കൊടുക്കാതിരുന്നാൽ തെറി വിളിയും ഭീഷണിയുമാണ് നിരന്തരം ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

കയറ്റിറക്ക് തൊഴിലാളികളുടെ ഗുണ്ടായിസം മൂലം 28 വർഷമായി ചെയ്യുന്ന കച്ചവടം പൂട്ടേണ്ട അവസ്ഥയിലാണെന്നും അബ്ദുൽസലാം പറയുന്നു. കൂടാതെ ഉത്സവങ്ങളും മറ്റു വിശേഷ ദിവസങ്ങളും വന്നാൽ ഭീമമായ തുകയാണ് സംഭാവനയായി ഇവർ ആവശ്യപ്പെടുന്നത്. ഈ കഴിഞ്ഞ ഓണം ആഘോഷത്തിന് 5,000 രൂപ നിർബന്ധിച്ച് വാങ്ങിയതായും പരാതിയിൽ പറയുന്നു.

വ്യാപാരി വ്യവസായി ഏകോപനസമിതി പോത്തൻകോട് യൂണിറ്റിന്റെ ട്രഷറർ കൂടിയാണ് അബ്ദുൽസലാം. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു.

എന്നാൽ, ജീവനക്കാരനെ മർദിച്ചുവന്നത് അടിസ്ഥാനരഹിതമാണെന്നും അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു. പലപ്പോഴും തൊഴിലാളികൾ ഊൺ കഴിക്കാൻ പോകുന്ന സമയത്താണ് ലോഡുകൾ വരാറുള്ളതും അതിനാലാണ് ലോഡ് ഇറക്കാനുള്ള താമസം ഉണ്ടാകുന്നതെന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു.

Tags:    
News Summary - 'Nokkukooli': Headload workers assault shop worker at pothencode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.