കാഞ്ഞാണി: അരിമ്പൂർ വെളുത്തൂരിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം വിഫലമായത്. തുടർന്ന് കുഞ്ഞിനെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് സ്ത്രീ കടന്നുകളഞ്ഞു.
വെളുത്തൂർ വിഷ്ണു-അലീന ദമ്പതികളുടെ മകൻ അദ്വിക് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അരിമ്പൂർ വെളുത്തൂരിൽ സെന്റ് ജോർജ് പള്ളി കപ്പേളക്കു സമീപമാണ് സംഭവം. ഈ സമയം അലീന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിനകത്ത് തളത്തിനോട് ചേർന്ന് കിടപ്പുമുറിയിലെ കട്ടിലിൽ അദ്വികിനെ കിടത്തി, മരുന്ന് കൊടുക്കുന്ന ഫില്ലർ കഴുകാനായി അലീന വീടിനു പിറകിലേക്കു പോയി. കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു.
നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അലീന കണ്ടത് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിക്കുന്ന നാടോടി സ്ത്രീയെയാണ്. പുറത്ത് കരുതി വെച്ചിരുന്ന ചാക്കിനടുത്തേക്ക് കുഞ്ഞിനെ എത്തിക്കുന്നതിനിടയിലാണ് അലീന ഓടിയെത്തിയത്.
ശ്രമം പാളിയതറിഞ്ഞ നാടോടി സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ചാക്കുമെടുത്ത് വീടിന് എതിർവശത്തുള്ള റോഡിലൂടെ കടന്നുകളഞ്ഞതായും തടിച്ച് ഉയരമുള്ള സ്ത്രീയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇവരെക്കണ്ടാൽ തിരിച്ചറിയുമെന്നും അലീന പറഞ്ഞു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ നാടോടി സ്ത്രീയെ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.