കോഴിക്കോട്: മൂന്നുതവണ തദ്ദേശ ജനപ്രതിനിധികളായവർ വീണ്ടും മത്സരിക്കാൻ പാടില്ലെന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃതീരുമാനത്തിനെതിെര പാർട്ടിയിൽ സമ്മർദം മുറുകി. പഞ്ചായത്ത്, നഗരസഭകളിൽ അംഗങ്ങളായ മുതിർന്ന ജനപ്രതിനിധികൾ കോഴിക്കോട്ട് രഹസ്യയോഗം ചേർന്ന് തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന അധ്യക്ഷനോട് രേഖാമൂലം അഭ്യർഥിച്ചു. വനിതകളുൾപ്പെടെയുള്ളവർ യോഗത്തിൽ സംബന്ധിച്ചു. ഇളവ് ആവശ്യവുമായി വിവിധ നേതാക്കൾ പാണക്കാട് ഹൈദരലി തങ്ങളുമായും മറ്റു ഭാരവാഹികളുമായും ചർച്ച നടത്തിവരുകയാണ്.
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങളായ മുതിർന്ന നേതാക്കളാണ് യോഗത്തിൽ സംബന്ധിച്ചത്. സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗത്തിെൻറ ആശീർവാദത്തോടെയാണ് യോഗമെന്ന് അറിയുന്നു.
ഇതിനിടെ, മൂന്നുതവണ എം.എൽ.എ ആയവർ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന കെ.എം. ഷാജിയുടെ പരസ്യപ്രസ്താവന പാർട്ടി നേതൃത്വത്തിൽ ചർച്ചയായിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.കെ. അബ്ദുറബ്ബ്, കെ.എൻ.എ. ഖാദർ തുടങ്ങിയ നേതാക്കളെ ഉന്നംവെച്ചാണ് പ്രസ്താവന. യൂത്ത്ലീഗിലും ഇതേവരെ നിയമസഭയിൽ അവസരം ലഭിക്കാത്ത പാർട്ടിയിലെ മറ്റു നേതാക്കൾക്കിടയിലും പ്രസ്താവനക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിലാണ് നിർദേശങ്ങൾ നൽകിയത്. സ്ഥാനാർഥികൾ മുഖപത്രമായ ചന്ദ്രികയുടെ വാർഷിക വരിക്കാരാവണമെന്നതാണ് ആദ്യ നിബന്ധന. രണ്ടാമതായാണ് മൂന്നുതവണ അംഗങ്ങളായവർ വീണ്ടും മത്സരിക്കരുതെന്ന് വിലക്കുന്നത്. ഒരേ വീട്ടിൽനിന്ന് ഒന്നിലധികം പേർ മത്സരിക്കരുതെന്നും മൊത്തം സീറ്റിൽ 30 ശതമാനം പുതുമുഖങ്ങൾക്കും യുവതീയുവാക്കൾക്കും നൽകണമെന്നും സർക്കുലറിലുണ്ട്. കോർപറേഷൻ കൗൺസിൽ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളെ അതത് കമ്മിറ്റികളുടെ ശിപാർശയോടെ ജില്ല പാർലമെൻററി ബോർഡ് പ്രഖ്യാപിക്കണമെന്നുമാണ് സർക്കുലർ. അതേ സമയം, തീരുമാനത്തിൽ വെള്ളം ചേർക്കരുതെന്നാവശ്യപ്പെട്ട് യൂത്ത് ലീഗും അവരെ അനുകൂലിക്കുന്നവരും സമ്മർദം ചെലുത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.