കോഴിക്കോട്: ഭരണസിരാകേന്ദ്രമായ കലക്ടറേറ്റിലെ ജീവനക്കാർ ഭക്ഷണ അവശിഷ്ടങ്ങൾ വീട്ടിലേക്കുതന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ ഉത്തരവ്. ജൈവ മാലിന്യ സംസ്കരണത്തിന് ജില്ല ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും വിവിധ ഓഫിസുകളിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് സഹകരണമില്ലാത്ത സാഹചര്യത്തിലാണ് കലക്ടർക്ക് അസാധാരണ ഉത്തരവിടേണ്ടിവന്നത്.
ഇതോടെ കലക്ടറേറ്റിലെയും സിവിൽ സ്റ്റേഷനിലെയും ഓഫിസുകൾക്ക് മുന്നിൽ വരാന്തയിൽ സ്ഥാപിച്ച മാലിന്യ നിക്ഷേപ കൊട്ടകൾ തിങ്കളാഴ്ച എടുത്തുമാറ്റി. ഓഫിസുകൾക്ക് മുന്നിൽ സ്ഥാപിച്ച മൂന്ന് നിറത്തിലുള്ള കൊട്ടകളിൽ വ്യത്യസ്ത മാലിന്യങ്ങളാണ് നിക്ഷേപിക്കേണ്ടത്. എന്നാൽ, പല ജീവനക്കാരും ഭക്ഷണ അവശിഷ്ടവും ഓഫിസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ഒരുമിച്ച് നിക്ഷേപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
മാലിന്യമുക്ത കേരളവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ നേതൃത്വത്തിൽ പല പദ്ധതികളും തുടരുമ്പോഴും സർക്കാർ ജീവനക്കാർ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. അജൈവ -ജൈവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം സിവിൽ സ്റ്റേഷനകത്ത് നിലവിലുണ്ട്.
ജൈവ മാലിന്യ സംസ്കരണത്തിന് ഏഴ് റിങ് കമ്പോസ്റ്റുകളുണ്ട്. ബിന്നുകളിൽ നിക്ഷേപിക്കുന്ന അവശിഷ്ടങ്ങൾ ശുചീകരണത്തൊഴിലാളികൾ റിങ് കമ്പോസ്റ്റിൽ നിക്ഷേപിക്കുകയാണ് പതിവ്. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെ ജീവനക്കാർ തോന്നുംപോലെയാണ് മാലിന്യം നിക്ഷേപിക്കുന്നെന്നാണ് പരാതി.
ഇവ വേർതിരിച്ച് നിക്ഷേപിക്കാനൊന്നും ജീവനക്കാർ മെനക്കെടാറില്ല. ഓഫിസുകളിൽ നടക്കുന്ന പാർട്ടികളും മറ്റും പ്രശ്നം ഇരട്ടിയാക്കുന്നു. പാർട്ടികൾക്കുശേഷം ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഉപേക്ഷിക്കുന്നതോടെ പിറ്റേന്നോ, അതിനടുത്ത ദിവസമോ ഇവ വേർതിരിച്ചെടുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.
അജൈവ മാലിന്യം ശേഖരിക്കുന്നത് ഹരിതകർമ സേനാംഗങ്ങളാണ്. എന്നാൽ, അവയും കൃത്യമായി ശേഖരിച്ചുവെക്കുന്നില്ലെന്ന് പരാതിയുണ്ട്.
പല സ്ഥലത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് 25,000 പിഴ ചുമത്താവുന്ന കുറ്റമാണ്. ശുചിത്വ മിഷനും ആരോഗ്യ മിഷനും എല്ലാം പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിൽ മാലിന്യം ഇത്രയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ നിന്നാണ് കലക്ടർ ഉത്തരവിറക്കിയത്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തുകയും ഇതിനായി പ്രത്യേക ജീവനക്കാരെ ജില്ല ഭരണകൂടം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.