കോഴിക്കോട്: ഹരിത നേതാക്കളെ യൂത്ത് ലീഗ് നേതൃനിരയിൽ കൊണ്ടുവന്നതിൽ വിമർശനവുമായി വനിത ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദമുണ്ടാക്കിയ ഹരിത നേതാക്കൾ പാർട്ടിക്ക് ഉണ്ടാക്കിയ പരിക്ക് ഗുരുതരമാണ്. കമീഷനുകൾവെച്ച് കൃത്യമായ അന്വേഷണം നടത്തി പാർട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാർട്ടി അവർക്കെതിരെ നടപടി കൈക്കൊണ്ടത്. ഓരോ മുസ്ലിം ലീഗ് പ്രവർത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ് ക്ലബിൽ പോയി അവതരിപ്പിച്ച ആ പെൺകുട്ടികൾ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ‘താലിബാൻ ലീഗെന്ന്’ തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങൾ കൊഴുപ്പിച്ചെടുത്ത ചർച്ചകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കേണ്ടിവന്ന ഈ പാർട്ടിയിലെ ലക്ഷക്കണക്കായ പ്രവർത്തകരെക്കുറിച്ച് ഇനിയെങ്കിലും അവർ ചിന്തിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ നൂർബിന റഷീദ് കുറിച്ചു.
പാർട്ടിക്ക് നൽകിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാർട്ടിയെ ധിക്കരിച്ച് അന്ന് വനിത കമീഷന് നൽകിയ കേസ് പിൻവലിച്ചതിനും ശേഷമാണ് ഇപ്പോൾ ഇവർ കടന്നുവന്നിരിക്കുന്നത്. മാധ്യമങ്ങൾക്കും കമ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപ്പോലെയാണ് ആ പ്രവൃത്തികളിൽനിന്ന് പിന്മാറാൻ നേതാക്കൾ ആവശ്യപ്പെട്ടത്. ഇന്ന് പശ്ചാത്തപിച്ച് നിങ്ങൾ മടങ്ങിവന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കൾ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും അവർക്ക് കഴിയട്ടെ. ഇന്ത്യൻ ജനാധിപത്യത്തിൽ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്ലിം സ്ത്രീകൾ രംഗപ്രവേശം നടത്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയാണ് വനിത ലീഗ്. ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളിൽ ചിലർ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓർമയുണ്ട്. മുസ്ലിം പെൺകുട്ടികളെ ലിബറലിസത്തിലേക്ക് തള്ളിവിടാനായി നിർമിച്ച ആശയമാണ് ‘ഇസ്ലാമിക ഫെമിനിസം’. ഈ ആശയം തലയിലുള്ളവർ മുസ്ലിം ലീഗ് ആദർശത്തിന് തന്നെ വിരുദ്ധരാണ്. ഇത്തരത്തിൽ മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ടാണ് നൂർബിന റഷീദ് പോസ്റ്റ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.