നോര്‍ക്ക റൂട്ട്‌സ് പ്രവാസി സംരംഭകത്വ മേള തൃശൂരിൽ

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് പ്രവാസി സംരംഭകത്വ മേള സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശൂരിൽ. വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിനാണ് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നത്. 

തൃശൂരിലേയും സമീപ ജില്ലകളിലേയും പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കേരള ബാങ്ക്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് നോര്‍ക്ക റൂട്ട്‌സ് വായ്പാമേള സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശരാജ്യത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

മടങ്ങിവന്ന പ്രവാസികള്‍ക്ക് സംരംഭകത്വ സഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ എൻ.ഡി.പി.ആർ.ഇ.എം(നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് ) പദ്ധതി പ്രകാരമാണ് വായ്പകള്‍ ലഭിക്കുക. പ്രവാസി വനിതകള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും, പിന്നാക്ക വിഭാഗക്കാര്‍ക്ക് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴിയും കുറഞ്ഞ പലിശ നിരക്കില്‍ സംരംഭക വായ്പകള്‍ക്കും അവസരമുണ്ട്.

മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ സെപ്റ്റംബര്‍ 20 നു മുന്‍പായി നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് (www.norkaroots.org) വഴി അപേക്ഷ നല്‍കണം. വെബ്സൈറ്റിലെ സ്‌കീമുകള്‍ (SCHEMES) വിഭാഗത്തില്‍ നിന്നും എൻ.ഡി.പി.ആർ.ഇ.എം തിരഞ്ഞെടുത്ത് അതുവഴിയാണ് അപേക്ഷ നല്‍കേണ്ടത്.

നോര്‍ക്ക റൂട്ട്‌സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം പ്രവാസി സംരംഭകര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും 15 ശതമാനം മൂലധന സബ്‌സിഡിയും പദ്ധതി പ്രകാരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം. +91-18004253939. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

Tags:    
News Summary - Norka Roots Pravasi Entrepreneurship Fair in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.