മരംമുറി തൊഴിലാളിയല്ല, ഇത് സബ് എൻജിനീയർ

ശ്രീകണ്ഠപുരം: കണ്ടാൽ സമർഥനായ മരംമുറി തൊഴിലാളിയാണെന്നു തോന്നും. എന്നാൽ, ആളു മാറി. ഇത് ശ്രീകണ്ഠപുരം കെ.എസ്.ഇ.ബിയിലെ സബ് എൻജിനീയർ കെ.വി. ഹരീഷ്. ഉണങ്ങിയ കൂറ്റൻ മരം വൈദ്യുതിലൈനിൽ വീണ് വൻ ദുരന്തമുണ്ടാവുമെന്നറിഞ്ഞപ്പോൾ അവധിയിലായിട്ടും അദ്ദേഹമെത്തി.

രണ്ടാമതൊന്നാലോചിക്കാതെ മരത്തിലേക്കു ചാടിക്കയറി പ്രശ്നപരിഹാരമുണ്ടാക്കി മാതൃക കാട്ടുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. ഞായറാഴ്ച ഉച്ചയോടെ ചെങ്ങളായി കുണ്ടംകൈയിലാണ് ഈ വേറിട്ട ഇടപെടൽ. കുണ്ടംകൈ റോഡിലെ വൈദ്യുതിലൈനിലേക്കാണ് ഉണങ്ങിയ വലിയ മരം വീഴാനൊരുങ്ങിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. മുള്ളുനിറഞ്ഞ മരംകൂടിയായതിനാൽ ഇത് മുറിച്ചുമാറ്റുക ഏറെ അപകടംനിറഞ്ഞ പണിയായിരുന്നു. മരം പൊട്ടിവീണാൽ ലൈനും വൈദ്യുതിതൂണും ഉൾപ്പെടെ പൊട്ടി നിലംപതിക്കും. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. വിവരമറിഞ്ഞതോടെ സബ് എൻജിനീയർ ഹരീഷ് സ്ഥലത്തെത്തി.

കെ.എസ്.ഇ.ബി ഓഫിസിൽ വിവരമറിയിച്ചെങ്കിലും അവധിദിനമായ ഞായറാഴ്ച ജീവനക്കാർ കുറവായിരുന്നു. കയറും മറ്റു സാമഗ്രികളും എത്തിക്കണമെന്നറിയിച്ചതോടെ മറ്റൊരു സബ് എൻജിനീയർ ക്ലോഡിൻ സജിയും ഡ്രൈവർ സിനുവും വണ്ടിയുമായി സ്ഥലത്തെത്തി. ഇതോടെ വടവും മറ്റുമെടുത്ത് ഹരീഷ് സമീപത്തെ വലിയ തേക്കുമരത്തിൽ കയറി അപകടാവസ്ഥയിലായ മരം വലിച്ചുകെട്ടിയശേഷം പ്രദേശത്തെ ജ്വാല സ്വയംസഹായസംഘം പ്രവർത്തകരുടെ സഹായത്തോടെ അപകടമില്ലാതെ മുറിച്ചുമാറ്റി. മാതൃക സേവനം കാഴ്ച വെച്ച സബ് എൻജിനീയറെ നാടൊന്നാകെ അഭിനന്ദിച്ചു.

Tags:    
News Summary - Not a lumberjack, but a sub-engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.