കെട്ടുകഥയല്ല, ഭിക്ഷാടന മാഫിയ കണ്ണുകൾ ചൂഴ്ന്നെടുത്ത ആ ബാലൻ ഇവിടെയുണ്ട്

മലപ്പുറം: ''ഏകദേശം നാലാം വയസ്സിലാണ്, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ എത്തി മിഠായി തന്നു. അത് കഴിച്ചതോടെ ബോധരഹിതനായി. തമിഴ്നാട്ടിലാണെന്നും ഭിക്ഷാടന മാഫിയയുടെ കരവലയത്തിലാണ് എത്തിയതെന്നും പിന്നീടാണറിഞ്ഞത്. അവർ രണ്ട് കണ്ണും ചൂഴ്ന്നെടുത്തു. ഭിക്ഷാടനത്തിനും മറ്റും പറഞ്ഞയച്ചു'' -ജീവിതത്തിൽ ദുരിതം പേറിയ നാളുകൾ സമ്മാനിച്ച ബാല്യകാല അനുഭവങ്ങൾ ഓർക്കുമ്പോൾ കരീം മാഷിന് തൊണ്ടയിടറും, വാക്കുകൾ മുറിയും, സങ്കടഭാരത്താൽ തല താനെ താഴും.

1970കളിലാണ് നിഷ്കളങ്കനായ ബാലനെ ഭിക്ഷാടനത്തിനും ബാലവേലക്കുമായി തട്ടിക്കൊണ്ടുപോയത്. വീട് എവിടെയെന്ന് അദ്ദേഹത്തിനറിയില്ല. പാലക്കാട്ടുനിന്നാണ് ലഭിച്ചതെന്ന് ഭിക്ഷാടന മാഫിയയുടെ സംഭാഷണത്തിൽനിന്ന് മനസ്സിലാക്കിയതാണ്. കാലം കഴിഞ്ഞുപോയി. 49 വയസ്സായ അദ്ദേഹം ഇപ്പോൾ കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിൽ സംഗീതാധ്യാപകനാണ്. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം സംതൃപ്ത ജീവിതം നയിക്കുന്നു.

തമിഴ്നാട്ടിൽ തെരുവുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാചകവേഷം ധരിച്ച് പാട്ടുപാടി. വൈകീട്ട് ഭിക്ഷാടന സംഘാംഗം എത്തി ഇവരിൽനിന്ന് പണം ശേഖരിക്കും. മറ്റുള്ളവരുമായി സംസാരിക്കാൻ പാടില്ല. അവരോട് ഒന്നും ചോദിക്കാനും പാടില്ല. ഉറക്കം പീടികത്തിണ്ണയിലും മറ്റും. കുട്ടികളെ തട്ടിയെടുത്ത് കണ്ണ് ചൂഴ്ന്നെടുത്ത് ഭിക്ഷക്ക് അയക്കുന്നവരുടെ ക്രൂരത കെട്ടുകഥയല്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ജീവിതാനുഭവം.

ഒട്ടേറെ കുട്ടികൾ ഇവരുടെ കെണിയിൽപ്പെട്ടിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. വീട്ടുകാരെക്കുറിച്ചോ മാതാപിതാക്കളുടെ പേരോ ഓർമയില്ല. തന്‍റെ പേര് കരീം എന്ന് ഓർമയുണ്ട്. ഉപ്പയെയും ഉമ്മയെയും കുറിച്ച് അന്വേഷിച്ചപ്പോൾ അവർ ഇപ്പോൾ വരും എന്നൊക്കെ പറയും. കണ്ണ് എങ്ങനെ എടുത്തു എന്നറിയില്ല. ഒരു സുപ്രഭാതത്തിൽ എണീറ്റപ്പോൾ കാഴ്ചയില്ല. കളിക്കാൻ പോകുന്നതാണ് ഓർമയിലുള്ള അവസാനത്തെ കാഴ്ചയെന്നും അദ്ദേഹം പറയുന്നു.

ഏഴാം വയസ്സിൽ തമിഴ്നാട്ടുകാരനായ വയോധികനൊപ്പം ഭിക്ഷാടനത്തിന് മലപ്പുറം കാളികാവിൽ എത്തി. ചായ കുടിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ മലയാളത്തിൽ സംസാരിച്ച തന്നോട് നാട്ടുകാർ നാടും വീടും അന്വേഷിച്ചു. തുടർന്ന് നാട്ടുകാർ തന്നെ പൊലീസിൽ ഏൽപിച്ചു. ഇതോടെയാണ് തന്‍റെ ജീവിതം മാറുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരൂർക്കാട് ഇലാഹിയ യതീംഖാനയിൽ ചേർത്തു. പത്രത്തിൽ പരസ്യം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് ഇസ്ലാമിക് കൾചറൽ സൊസൈറ്റി തന്‍റെ പഠനം ഏറ്റെടുത്ത് നടത്തി. ജീവിതത്തിൽ പ്രതീക്ഷകൾക്ക് ചിറകുവെച്ച നാളുകളായിരുന്നു അത്. ചെറുവണ്ണൂർ ഹൈസ്കൂളിൽനിന്ന് 10ാം ക്ലാസ് പാസായി. ചെറുപ്പം മുതലേ പാട്ട് പാടാൻ താൽപര്യമുണ്ടായിരുന്നതിനാൽ സംഗീതം പഠിക്കാനായിരുന്നു ഏറെ ഇഷ്ടം. പാലക്കാട് ചെൈമ്പ സംഗീത കോളജിൽനിന്ന് വയലിൻ ഗാനഭൂഷണം പാസായി.

ഹൃദഭേദകമായ ജീവിതാനുഭവങ്ങൾ മനസ്സിൽ മിന്നിമറയുമ്പോഴും മാഷിന് സാന്ത്വനമാകുന്നത് സംഗീതമാണ്. വയലിനുപുറമെ ഹാർമോണിയവും തബലയും സുന്ദരമായി വായിക്കും. 2001ൽ കാഴ്ചപരിമിതിയുള്ള റംലയെ ജീവിതസഖിയാക്കി. പൂക്കോട്ടൂർ സ്കൂളിൽ 10ാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ റഊഫ, എട്ടാം ക്ലാസുകാരി ഫാത്തിമ നിഷാന എന്നിവർ മക്കളാണ്. 

Tags:    
News Summary - Not a myth, but here's the boy whos eye is taken by begging mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.