കണ്ണൂർ: തലശ്ശേരി അതിരൂപതക്കു കീഴിലെ പള്ളികളിൽ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരമൊരു പ്രചാരണം വരാനുണ്ടായ സാഹചര്യം അറിയില്ലെന്നും തലശ്ശേരി ബിഷപ് ഹൗസ് അറിയിച്ചു.
സിനിമയുടെ രാഷ്ട്രീയത്തെ അതിരൂപത പിന്തുണക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് സിനിമ പ്രദർശനം നടത്തുന്നതിനോട് താൽപര്യമില്ലെന്നും ബിഷപ്പ് ഹൗസ് അധികൃതർ ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
‘കേരള സ്റ്റോറി’യിലെ രാഷ്ട്രീയം എല്ലാവർക്കും വ്യക്തമാണ്. സിനിമയുണ്ടാക്കിയവർക്കും പ്രദർശിപ്പിക്കുന്നവർക്കുമുള്ള രാഷ്ട്രീയ താൽപര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിനിമയിൽ പ്രതിപാദിക്കുന്ന പ്രണയച്ചതിയിലാണ് സഭക്ക് ആശങ്കയുള്ളത്. പ്രണയച്ചതി സംബന്ധിച്ച് നേരത്തേ സൂചിപ്പിച്ചതുമാണ്.
എല്ലാ മതങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന നാടാണ് നമ്മുടേത്. അതിന് കോട്ടം തട്ടുന്ന ഒരു വിവാദത്തോടും താൽപര്യമില്ല. ഇടുക്കി രൂപതക്കു കീഴിൽ സിനിമ പ്രദർശിച്ച സാഹചര്യത്തിൽ, സിനിമ പ്രദർശിപ്പിക്കാമെന്ന നിലക്ക് തലശ്ശേരി രൂപതക്കു കീഴിലെ ചില വ്യക്തികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതായി അറിഞ്ഞു. അത് കണ്ടാവും തലശ്ശേരി രൂപതക്കു കീഴിലും സിനിമ പ്രദർശിപ്പിക്കുമെന്ന നിലക്ക് പ്രചരിപ്പിച്ചത്. ആ വ്യക്തികളുടെ വ്യക്തിപരമായ പോസ്റ്റുകൾ മാത്രമാണ് അതെന്നും ബിഷപ്പ് ഹൗസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.