ഇ.പിക്കെതിരെ പി.ജെ: ആദ്യ ആരോപണം ഉന്നയിച്ചത് 2019ൽ, കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ

ഇപി ജയരാജനെതിരെ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല.  2019ൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ പി ജയരാജൻ ഉന്നയിച്ചിരുന്നതായി പറയുന്നു.

സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും അംഗമായ മുതിർന്ന നേതാവിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രേഖാമൂലം സംസ്ഥാന കമ്മറ്റിക്ക് മുമ്പാകെ സമർപ്പിക്കണമെങ്കിലും ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന​ും സംബന്ധിച്ചിരുന്നു. തുടർന്ന് പി ജയരാജനോട് ആരോപണം രേഖാമൂലം സമർപ്പിക്കാൻ കോടിയേരി ആവശ്യപ്പെട്ടതായി പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെ പറയുന്നു.

മൂന്ന് വർഷത്തിന് ശേഷം, പുതിയ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ വീണ്ടും ആരോപണവുമായി പി ജയരാജൻ രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ സി.പി.എമ്മിന്റെ ഉൾപാർട്ടി സമവാക്യങ്ങളിൽ വലിയ മാറ്റമാണുണ്ടായത്. നിലവിൽ പി ജയരാജനെപ്പോലെ ഇപി ജയരാജനും പാർട്ടിയിൽ നിന്നും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന വിമർശനമുണ്ട്. എൽ.ഡി.എഫ് കൺവീനറാണെങ്കിലും കോടിയേരിയുടെ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാകാനാണ് ഇ.പി.ജയരാജന്റെ ആഗ്രഹമെന്ന് പ്രചാരണമുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം വിരമിച്ചേക്കുമെന്നാണ് അഭ്യൂഹം.

പാർട്ടിക്കുള്ളിൽ അഴിമതി വിരുദ്ധ സമരനായകന്റെ മുഖമാണ് കുറച്ചുനാളായി പി ജയരാജൻ സ്വന്തമാക്കിയിട്ടുള്ളത്. പുതിയ നീക്കത്തോടെ പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചതായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. സാമ്പത്തിക കാര്യങ്ങളിൽ കറപുരളാതെയും, സ്വജനപക്ഷപാത ആരോപണങ്ങളില്ലാതെയും​ പ്രവർത്തിക്കാൻ കഴിഞ്ഞത് പി ജയരാജന്റെ നേട്ടമായി പറയുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളാണ് കരിനിഴൽ വീഴ്ത്തിയ ഏക ആരോപണം.

കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വടകരയിലുണ്ടായ തോൽവിക്കുശേഷം പി ജയരാജനെ മാറ്റി നിർത്തുകയാണെന്നായിരുന്നു വിമർശനം. എന്നാൽ, താരതമ്യേന താഴ്ന്ന സ്ഥാപനമായ കേരള ഖാദി ബോർഡിന്റെ വൈസ് ചെയർമാനായി പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത് മാത്രമാണ് എടുത്തുപറയാനുള്ളത്. പുതിയ വിമർശനത്തിലൂടെ പി ജയരാജൻ ലക്ഷ്യമിടുന്നതെന്താണെന്നതിനെ കുറിച്ച് നേതൃതലത്തിലുള്ളവർക്ക് പോലും വ്യക്തമായ മറുപടിയില്ലാത്ത അവസ്ഥയാണ്. എം.വി. ഗോവിന്ദനാണെങ്കിൽ പാർട്ടിയിലെ കള്ളനാണയങ്ങൾ​ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്നതിനിടെയാണ് ഇപി ജയരാജനെതിരെയുള്ള ആരോപണം മുൻപിലെത്തുന്നത്. ഇക്കാര്യത്തിലെന്ത് നടപടി സ്വീകരിക്കു​മെന്നാണ് അനുയായികൾ ഉറ്റുനോക്കുന്നത്.

Tags:    
News Summary - Not the first time P Jayarajan has raised charges against EP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.