ഒറ്റപ്പാലം: സമർപ്പിച്ച അപേക്ഷകളുടെ പുരോഗതി വെളിപ്പെടുത്തി അമ്പലപ്പാറ വില്ലേജ് ഓഫിസ് രണ്ടിൽ സ്ഥാപിച്ച ബോർഡ് സാധാരണക്കാർക്ക് ആശ്വാസമാകുന്നു. അപേക്ഷയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മൊബൈൽ സന്ദേശങ്ങൾ വായിച്ചെടുക്കാൻ കഴിയാത്തവർക്ക് ഈ സംവിധാനം ഏറെ സഹായകരമാണ്. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ ഓഫിസിന് പുറത്ത് സ്ഥാപിച്ച ബോർഡിൽനിന്ന് അപേക്ഷകർക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുമെന്നത് അമ്പലപ്പാറ രണ്ട് വില്ലേജ് ഓഫിസിനെ വേറിട്ടതാക്കുന്നു. കൈവശം, വരുമാനം, റിലേഷൻഷിപ്, റസിഡൻസ് തുടങ്ങി 24 ഇനം സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസ് മുഖേന അനുവദിക്കുന്നത്.
അടിയന്തര പ്രാധാന്യത്തോടെ സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ ലഭ്യമാണെങ്കിലും നേരിട്ട് ഓഫിസുകളിൽ എത്തി അന്വേഷിക്കുന്നവരുടെ എണ്ണക്കൂടുതലാണ് ബോർഡിൽ പരസ്യപ്പെടുത്താൻ പ്രേരണയായത്. മൊബൈലിൽ ലഭിക്കുന്ന സന്ദേശങ്ങളിൽനിന്ന് വിവരങ്ങൾ ഗ്രഹിക്കാൻ കഴിയാത്തതാണ് ഓഫിസ് കയറിയിറങ്ങാൻ കാരണമാകുന്നത്. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് വില്ലേജ് ഓഫിസിൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചതെന്ന് വില്ലേജ് ഓഫിസർ ജി. വിജയരാജൻ പറഞ്ഞു. ഓഫിസിൽ ലഭിക്കുന്ന അപേക്ഷയിൽ 24 മണിക്കൂർ കൊണ്ട് തീർപ്പുണ്ടാക്കുകയെന്നതും അനുബന്ധ ലക്ഷ്യമാണ്. അപേക്ഷകെൻറ പേര്, അപേക്ഷ നമ്പർ, സ്വീകരിച്ച നടപടി തുടങ്ങിയ വിവരങ്ങളാണ് ബോർഡിൽ പ്രദർശിപ്പിക്കുന്നത്. ഇതനുസരിച്ച് ചുറ്റിക്കറക്കമില്ലാതെ സർട്ടിഫിക്കറ്റും ലഭ്യമാണ്. തിരസ്കരിച്ച അപേക്ഷകളുടെ കാര്യത്തിൽ അതിനുള്ള കാരണവും ബോർഡിൽനിന്ന് വായിച്ചെടുക്കാനാവും. നാലുദിവസം തുടർച്ചയായി വിവരം ബോർഡിൽ പ്രദർശിപ്പിക്കും. പിന്നീട് ഇവ ഫയലിലേക്ക് മറ്റും.
നിശ്ചിത സമയം കഴിഞ്ഞെത്തുന്ന അപേക്ഷകന് ഫയലിൽനിന്ന് വിവരങ്ങൾ അറിയാനാകും. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പ്രത്യേകം രജിസ്റ്ററും ഇവിടെയുണ്ട്. ചുനങ്ങാട് മലപ്പുറത്ത് പ്രവർത്തിക്കുന്ന അമ്പലപ്പാറ രണ്ട് വില്ലേജ് ഓഫിസിലെ ഈ സംവിധാനം സംസ്ഥാനത്ത് ആദ്യത്തേതാണെന്ന് വില്ലേജ് ഓഫിസർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.