ആകാശ് തില്ലങ്കേരിക്ക് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ്

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ്. മട്ടന്നൂർ പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.

ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി കഴിഞ്ഞ ദിവസമാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്‍റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ അന്ത്യം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സി.പി.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.

Tags:    
News Summary - Notice to Akash Tillankeri to appear in Thalassery Sessions Court on March 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.