നെടുമ്പാശ്ശേരി: ഇന്ധനവില കൂടിയതോടെ പച്ചക്കറികൾക്ക് വില ഉയരുന്നു. ഒരുലോഡ് പച്ചക്കറി കർണാടകയിൽനിന്ന് കേരളത്തിലെത്തിക്കാൻ 26,000 രൂപയായിരുന്ന ലോറി വാടക. ഇപ്പോൾ 31,000 രൂപയായി.
അതുകൊണ്ടുതന്നെ പരമാവധി വിലകുറഞ്ഞ ഇനങ്ങൾ കൂടുതലായി ലോഡിൽ ഉൾപ്പെടുത്താൻ മൊത്തക്കച്ചവടക്കാർ നിർബന്ധിതമാകുന്നു. കർണാടകയിൽ തക്കാളിയും പയറും ഇപ്പോൾ മൂന്നുരൂപക്കാണ് ലഭിക്കുന്നത്. എന്നാൽ, ഇവിടെയെത്തുമ്പോൾ 10 രൂപക്കെങ്കിലും മൊത്തവ്യാപാരികൾക്ക് നൽകേണ്ടിവരും.
കേരളത്തിൽ പലയിടങ്ങളിലും നാടൻ പച്ചക്കറികളുണ്ടെങ്കിലും അത് കാര്യമായി മൊത്തവ്യാപാരികളിലേക്ക് എത്തുന്നില്ല. കർഷകരിൽനിന്ന് കൃത്യമായി ശേഖരിച്ച് സർക്കാറിെൻറ ഏതെങ്കിലും ഏജൻസികൾ മുന്നോട്ടുവന്നാൽ കർണാടകയിലെ കർഷകർക്ക് നൽകുന്നതിനെക്കാൾ വില നൽകുവാൻ കഴിയുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. വാഹന വാടകയിലെ കുറവ് കർഷകർക്ക് നൽകുവാൻ കഴിയും. എന്നാൽ, കൃഷിവകുപ്പ് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നതാണ് ആക്ഷേപം.
തമിഴ്നാടിനെക്കാൾ വിലകുറഞ്ഞ് ചിലയിനം പച്ചക്കറികൾ ഇപ്പോൾ കർണാടകയിൽനിന്ന് ലഭിക്കുന്നുണ്ട്. മൂന്നാർ-വയനാട് മേഖലയിലെ പച്ചക്കറികളേറെയും തമിഴ്നാട്ടിലെ ചില മൊത്തവ്യാപാരികൾ വാങ്ങി കൂടിയ വിലയ്ക്ക് കേരളത്തിലെ മൊത്തവ്യാപാരികൾക്ക് കൈമാറുന്നുണ്ട്. കൂടിയ വില വാഗ്ദാനം ചെയ്തിട്ടും കേരളത്തിലെ മൊത്തവ്യാപാരികൾക്ക് കർഷകർ നൽകുവാൻ തയാറാകുന്നില്ലെന്ന് നെടുമ്പാശ്ശേരിയിൽനിന്ന് പച്ചക്കറി കയറ്റുമതി ചെയ്യുന്ന ചില ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.