വയനാടിന്റെ കണ്ണീരൊപ്പാൻ എൻ.എസ്.എസ് അംഗങ്ങളും; 150 വീടുകൾ പണിതുനൽകും

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങ് നൽകാൻ നാഷനൽ സർവീസ് സ്‌കീം അംഗങ്ങളും. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയ 150 കുടുംബങ്ങൾക്ക് നാഷനൽ സർവീസ് സ്കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും.

സ്വന്തമായി വീടില്ലാത്ത നിർധനസഹപാഠികൾക്ക് 'സ്നേഹവീടുകൾ' ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷനൽ സർവീസ് സ്‌കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധ പ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.

സംസ്ഥാന നാഷനൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക. കാലിക്കറ്റ്‌ സർവകലാശാല, എം.ജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ. ടി.ഐ തുടങ്ങിയവയിലെയും എൻ.എസ്.എസ് സെല്ലുകളുടെ കീഴിലുള്ള എൻ.എസ്.എസ് യൂനിറ്റുകളും എൻ.എസ്.എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫിസർമാരും ഈ ജീവ സ്നേഹദൗത്യത്തിൽ പങ്കാളികളാകും.

ദുരന്തദിനത്തിൽത്തന്നെ എൻ.എസ്.എസ്/എൻ.സി.സി കർമഭടന്മാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ നൽകിയ നിർദേശത്തെ തുടർന്ന് പങ്കാളികളായിരുന്നു. ആ പ്രവർത്തനങ്ങൾ തുടരുകയാണ്. അതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിലുള്ള കൂടുതൽ സമാശ്വാസ പ്രവർത്തനങ്ങളും ദുരന്തമേഖലയിൽ എൻ.എസ്.എസ് ഏറ്റെടുക്കും.

അതോടൊപ്പം ദുരന്തബാധിതർക്ക് മെന്റൽ ട്രോമ മറികടക്കാൻ വേണ്ട വിദഗ്ധ കൗൺസലിങ് എൻ.എസ്.എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ പ്രത്യേക ശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി 'ബാക്ക് ടു സ്‌കൂൾ ബാക്ക് ടു കോളജ്' ക്യാമ്പയിനും എൻ.എസ്.എസ് രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ എൻ.എസ്.എസ് നൽകും. ആരോഗ്യ സർവകലാശാല എൻ.എസ്. എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും.

ഇപ്പോൾ എൻ.എസ്.എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ദുരിത മേഖലയിൽ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവിൽ എൻ.എസ്.എസ് വോളന്റിയർമാരും ഓഫിസർമാരും യൂനിറ്റുകളും പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാർഥികളുടെ സാങ്കേതിക പരിജ്ഞാനംകൂടി പുനരധിവാസ പ്രവർത്തങ്ങളിൽ ഉപയോഗപ്പെടുത്തും. പോളി ടെക്‌നിക്ക് കോളജുകൾ, എൻജിനീയറിങ് കോളജുകൾ, ഐ.ടി.ഐകൾ എന്നിവയിലെ എൻ.എസ്.എസ് ടീമുകളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക്കൽ-പ്ലംബിങ് പ്രവൃത്തികൾ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കും.

വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തിൽ ഇരകളായവർക്ക് സഹായഹസ്തം എത്തിയ്ക്കാൻ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയൻ എൻ.സി.സി. വയനാടിന്റെ കേഡറ്റുകളും എൻ.സി.സിയിലെ മിലിറ്ററി ഓഫിസർമാരും കർമനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേൽപ്പിച്ചിട്ടുണ്ട്.

മീനങ്ങാടിയിൽ കുടുംബത്തോടെ കാണാതായ കേഡറ്റ് വൈഷ്ണവിനെ പോലെ വലിയ പ്രയാസങ്ങൾ എൻസിസി കുടുംബത്തിന് ഈ പ്രദേശത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബാംഗങ്ങളെയും വീടും ആകെ നഷ്ടപ്പെട്ട ലാവണ്യ, പി.എസ്. അഭിനന്ദ്, വീടു നഷ്ടപ്പെട്ട എം അഭിനവ്, പി ആദിത്യ എന്നിങ്ങനെ സഹപ്രവർത്തകരായ കേഡറ്റുമാരുടെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിനിടയിലാണ് അവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.

Tags:    
News Summary - NSS members will be constructed 150 houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.