രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയെന്ന് എൻ.എസ്.എസ്

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ​​ങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ച പശ്ചാത്തലത്തിൽ പരോക്ഷ വിമർശനവുമായി നായർ സർവിസ് സൊസൈറ്റി. രാഷ്ട്രീയത്തിന്‍റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

'ജനുവരി 22ന് അയോധ്യയിൽ ശ്രീരാമതീർത്ഥ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങിൽ കഴിയുമെങ്കിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്‍റെ പേരുപറഞ്ഞ് ആ സംരംഭത്തെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും' -പ്രസ്താവനയിൽ പറയുന്നു.

എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്‍റെ പേരിൽ രാമക്ഷേത്രത്തിന്‍റെ നിർമാണഘട്ടം മുതൽ എൻ.എസ്.എസ് ഇതിനോട് സഹകരിച്ചിരുന്നു -ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - NSS press statement on ram temple inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.