ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് തൃപ്തികരമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിശ്വാസ സംരക്ഷണത്തിനായി യു.ഡി.എഫ് സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കിയതിൽ സന്തോഷമുണ്ട്. ഇക്കാര്യത്തിൽ എൻ.എസ്.എസിന് രാഷ്ട്രീയമില്ല. നിലപാട് ദുർവ്യാഖ്യാനം ചെയ്യാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസസംരക്ഷണത്തിൽ എൻ.എസ്.എസ് എക്കാലവും വിശ്വാസികളോടൊപ്പമാണ്. ഇക്കാര്യത്തിലെ നിലപാടുകളെ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ല. വിശ്വാസസംരക്ഷണത്തിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ എം. വിൻസൻറ് എം.എൽ.എ. അനുമതി തേടിയിരുന്നെങ്കിലും സ്പീക്കർ സർക്കാറിൽ കൂടിയാലോചന നടത്തി അവതരണാനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
എൻ.കെ. പ്രേമചന്ദ്രൻ പാർലമെൻറിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും അവതരണാനുമതി ലഭിച്ചില്ല. നിയമസഭയിൽ ബിൽ കൊണ്ടുവരാൻ വിൻസൻറ് വീണ്ടും ശ്രമിച്ചെങ്കിലും അവതരണാനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല വിശദീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിശ്വാസസംരക്ഷണത്തിനായി യു.ഡി.എഫ് സ്വീകരിച്ച നിലപാട് വ്യക്തമാക്കിയതിൽ സന്തോഷമുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.