തിരുവനന്തപുരം: സംസ്ഥാനത്ത് ചർച്ചുകളുടെ എണ്ണം കൂടുകയാണെന്ന പരാതിയില്‍ അന്വേഷണത്തിന് നിർദേശിച്ച തദ്ദേശ വകുപ്പ് ഉത്തരവ് വിവാദത്തിൽ. പരക്കെ വിമർശനമുയരുകയും വ്യാപക ചർച്ചയാകുകയും ചെയ്തതോടെ ഉത്തരവ് പിൻവലിച്ചു. തുടർനടപടികളെല്ലാം മരവിപ്പിക്കുകയും ചെയ്തു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണം തേടുമെന്നാണ് വിവരം.
ചർച്ചുകളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തിൽ മാറ്റം വരുത്തുന്നതായും അന്വേഷണം വേണമെന്നുമായിരുന്നു പരാതി. പരാതിയുടെ സ്വഭാവമോ സാഹചര്യങ്ങളോ നിജസ്ഥിതിയോ മനസ്സിലാക്കാതെ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി എല്ലാ ജില്ലയിലെയും എൽ.എസ്.ജി.ഡി ഡയറക്ടർമാർക്കും നിർദേശം കൈമാറി. സർക്കാർ കൈമാറിയ പരാതിയില്‍ നടപടി വേണമെന്നായിരുന്നു ഉത്തരവിലെ നിർദേശം. ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഇത് ചർച്ചയായി. പിന്നാലെ, സാമൂഹികമാധ്യമങ്ങളിലേക്കും ഉത്തരവെത്തി. കാര്യങ്ങൾ കൈവിട്ടതോടെയാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇടപെട്ട് ഉത്തരവ് പിൻവലിച്ചത്.
നവംബർ മൂന്നിന് ബംഗളൂരു സ്വദേശി സർക്കാറിന് നൽകിയ പരാതിയാണ് പരിശോധനക്കായി തദ്ദേശ വകുപ്പിന് കൈമാറിയത്. ഇത്തരമൊരു ഉത്തരവിറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ പ്രിൻസിപ്പൽ ഡയറക്ടറുടെ വിശദീകരണം. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് വിശദീകരണം തേടിയതായും പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.