തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ പ്രവർത്തനശേഷി വിലയിരുത്താൻ കൈകാര്യം ചെയ്ത ഫയലുകളുടെ എണ്ണമെടുക്കാൻ ഇ-ഓഫിസിൽ സംവിധാനമേർപ്പെടുത്തണമെന്ന് സെന്തിൽ കമീഷൻ. സെക്ഷൻ ഓഫിസറും അതിന് താഴെയുള്ള ജീവനക്കാരും എത്ര ഫയൽ കൈകാര്യം ചെയ്തുവെന്നും എത്ര സമയത്തിനുള്ളില്‍ കൈകാര്യം ചെയ്തുവെന്നും സ്വമേധയാ ഇ-ഓഫിസിൽ രേഖപ്പെടുത്താൻ കഴിയണമെന്ന് കമീഷൻ നിർദേശിക്കുന്നു.
അണ്ടർ സെക്രട്ടറി തലത്തിന് മുകളിലുള്ള ഓരോ ജീവനക്കാരനും ഒരു വർഷക്കാലയളവിൽ എത്ര ഫയൽ കണ്ടുവെന്നും എത്ര ഫയൽ തീർപ്പാക്കിയെന്നുമുള്ള ഡേറ്റ അയാളുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സ്വമേധയാ രേഖപ്പെടുത്താനും സൗകര്യമുണ്ടാകണം. ഫയലുകളിലുണ്ടാകുന്ന കാലതാമസവും രേഖപ്പെടുത്താൻ കഴിയണം. കൈകാര്യം ചെയ്ത ഫയലുകളുടെ എണ്ണം കുറവാണെങ്കില്‍ അതിനുള്ള കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഓൺലൈനായി ചേർക്കാനാകണം. ഓരോ ദിവസവും ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധിച്ച് ബോധ്യപ്പെടേണ്ടതും മേലുദ്യോഗസ്ഥർക്ക് ഈ രേഖപ്പെടുത്തല്‍ കാണുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇ-ഓഫിസിലെ ‘പാർക്ക്’ സൗകര്യം, പാർക്ക് ചെയ്യപ്പെട്ട ഫയലുകൾ ഔദ്യോഗിക ശ്രേണിയിലെ മറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ഒളിപ്പിച്ചുവെക്കാൻ സഹായിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോ ഓഫിസർക്കും തങ്ങളുടെ ലൈനിൽ വരുന്ന എല്ലാ കീഴുദ്യോഗസ്ഥരുടെയും കൈവശമുള്ള ഫയലുകൾ എപ്പോൾ വേണമെങ്കിലും കാണാനുള്ള ക്രമീകരണം ഇ-ഓഫിസിൽ ഏർപ്പെടുത്തണം. ഇ-ഓഫിസിൽനിന്ന് വിവരച്ചോർച്ചയുണ്ടാകാതിരിക്കാൻ ബയോമെട്രിക് ലോഗിൻ സൗകര്യം കാര്യക്ഷമമാക്കണം.
കോഡുകളും മാന്വലുകളും ഉടൻ മലയാളത്തില്‍ പരിഭാഷപ്പെടുത്തണം. സർവിസ് റൂളുകളും പെരുമാറ്റച്ചട്ടങ്ങളും ലളിതമാക്കി എഴുതണം. ചട്ടങ്ങളില്‍ പരസ്പരവിരുദ്ധമോ അവ്യക്തമോ ആയ വ്യവസ്ഥകൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിർദേശിക്കണം. റഫറൻസ് ഗ്രന്ഥങ്ങൾ, സർക്കാർ പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം ഡേറ്റാ എൻട്രി നടത്തി ഓണ്‍ലൈനായി ലഭ്യമാക്കണം.
മെഡിസെപ്പ് പദ്ധതിയില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് കവറേജ് കിട്ടുന്നതിനായി ജീവനക്കാർ തെരഞ്ഞെടുപ്പിനുള്ള സൗകര്യം നൽകി പ്രീമിയം തുക വർധിപ്പിക്കാം. ഓരോ മാസവും ശമ്പളത്തില്‍ നിന്നോ പെൻഷനിൽ നിന്നോ തുക നേരിട്ട് ഈടാക്കാം. അധിക കവറേജ് ഒരിക്കലും നിർബന്ധമാക്കാൻ പാടില്ല. ഇ-ഗവേണന്‍സ് രംഗത്ത് കാലികമായ ആവശ്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഇ-അഡ്മിനിസ്ട്രേഷൻ സെൽ ഉടനടി രൂപവത്കരിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.