കൊച്ചി: നഴ്സുമാർ അടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും മധ്യസ്ഥ ചർച്ചക്ക് തയാറെന്ന് ഹൈകോടതിയിൽ സംസ്ഥാന സർക്കാർ.മധ്യസ്ഥചർച്ച ബുധനാഴ്ച രാവിലെ 10.30ന് എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കും. ചർച്ചയിൽ തീരുമാനം ആയില്ലെങ്കിലും വിജ്ഞാപനം ഇറക്കാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് മധ്യസ്ഥ ചർച്ചക്ക് ഹൈകോടതി സർക്കാറിന് അനുമതി നൽകി.
അതേസമയം, മധ്യസ്ഥ ചർച്ചക്കില്ലെന്ന് നേഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സിബി മുകേഷ് വ്യക്തമാക്കി. സർക്കാരിന്‍റെ ഈ നയം ഇരട്ടത്താപ്പാണ്. നഴ്സുമാരെയും മറ്റു ജീവനക്കാരെയും പറ്റിക്കുന്ന രീതിയിൽ സർക്കാർ കോടതിയിൽ നിലപാടെടുത്തത്.മിനിമം വേജസ് വിജ്ഞാപനം ഇറക്കാൻ എല്ലാ പ്രക്രിയകളും അവസാനിച്ച ഈ സമയത്തു സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് വേണ്ടി ഇടതുപക്ഷ സർക്കാരും മുഖ്യമന്ത്രിയും നഴ്സുമാരെ പറ്റിക്കുകയാണ്. ഒരു കാരണവശാലും മധ്യസ്ഥത യു.എൻ.എ തയ്യാറല്ല. സിംഗ്ൾ ബെഞ്ച് സ്റ്റേ മാറ്റിയില്ലെങ്കിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. സർക്കാരിന്‍റെ ഈ നാണംകെട്ട കളിക്ക് മുഖ്യമന്ത്രിയും കൂട്ട് നിന്നെന്ന് വേണം കരുതാനെന്നും സിബി മുകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.