സമുദ്രമ്യൂസിയം സ്ഥാപിക്കാൻ പോകുന്ന വള്ളക്കടവിലെ ജൈവ വൈവിധ്യമ്യൂസിയം

കടലിലെ അപൂര്‍വ ഇനം മത്സ്യങ്ങളെക്കുറിച്ച് പഠിക്കാം​; വരുന്നു, സമുദ്രമ്യൂസിയം

വള്ളക്കടവ്: കടലിലെ അപൂര്‍വ ഇനം മത്സ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ സമുദ്രമ്യൂസിയം വരുന്നു. വള്ളക്കടവിലെ പൈതൃക കെട്ടിടമായ ബോട്ടുപുരയില്‍ പ്രവര്‍ത്തിക്കുന്ന ജൈവവൈവിധ്യബോര്‍ഡിന്‍റെ മ്യൂസിയത്തിലാണ് കടലിലെ ജീവജാലങ്ങളെ പ്രദര്‍ശിപ്പിക്കുന്ന സമുദ്ര മ്യൂസിയം സ്ഥാപിക്കുന്നത്.

ജൈവവൈവിധ്യങ്ങളുടെ ഉറവിടങ്ങള്‍ നഷ്ടമാകുന്നത് പ്രകൃതിദുരന്തങ്ങള്‍ പോലുള്ള വന്‍ദുരന്തങ്ങള്‍ക്ക് തന്നെ കാരണമാകുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് മ്യൂസിയം സ്ഥാപിക്കുന്നത്.

അപൂര്‍വ ഇനം മത്സ്യവര്‍ഗങ്ങള്‍, ശംഖുവര്‍ഗത്തിലുള്ള കടല്‍ജീവികള്‍, ഇരുട്ടില്‍ മാത്രം ഇരപിടിക്കാനിറങ്ങുന്ന മീനുകള്‍, വലുപ്പമുള്ള ഞണ്ട് വര്‍ഗങ്ങള്‍, പവിഴപ്പുറ്റുകള്‍, അവക്കുള്ളിലും അവയെ വലയം ചെയ്ത് ജീവിക്കുന്ന മീനുകൾ, ഇതര കടല്‍ജീവികള്‍ എന്നിവയാണ് സമുദ്രമ്യൂസിയത്തില്‍ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുക.

കടലില്‍ നിന്ന് കണ്ടെടുക്കുന്ന ഇത്തരം മീനുകളുള്‍പ്പെട്ട കടല്‍ജീവികളുടെ ശരീരത്തെ ഫോര്‍മാലിനില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലും അവയുടെ യഥാര്‍ഥ രൂപമറിയുന്നതിന് സ്റ്റഫ് ചെയ്ത രീതിയിലും കാണാം. അസ്ഥികൂടങ്ങളുടെ വലിയ പ്രദര്‍ശനവും മ്യൂസിയത്തില്‍ ഉണ്ടാകും. കപ്പല്‍ ആകൃതിയിലുള്ള ഒരു ബോര്‍ഡിലാണ് കടലിനടിയിലെ സസ്യജന്തുജാലങ്ങളെ കാണാനുള്ള സൗകര്യം സജ്ജമാക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന നീലഗിരി മഞ്ഞ കഴുത്തന്‍ മരപ്പട്ടി, വരയനാട്, ബംഗാള്‍ കടുവ, മലമുഴക്കി വേഴാമ്പല്‍, സിംഹവാലന്‍ കുരങ്ങ് എന്നിവകളുടെ ജീവന്‍ തുളുമ്പുന്ന രൂപങ്ങള്‍ കൃത്യമായ അളവിലും സമാനമായ രീതിയിലും ഉണ്ടാക്കിയെടുത്ത് കുറിഞ്ഞിപ്പൂക്കളുടെയും കാടിന്‍റെയും പശ്ചാത്തലത്തില്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളുടെ പ്രത്യുല്‍പ്പാദനം മുതല്‍ ജീവിതചക്രം വരെയുള്ള കാലഘട്ടത്തിന്‍റെ വിഡിയോ പ്രദര്‍ശനം, ആദിവാസികളുടെ ജീവിത്തെക്കുറിച്ചും നൂറ്റാണ്ടുകളായി ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്ന രീതികളെക്കുറിച്ചും ഇവര്‍ നേരിട്ട് വിവരിക്കുന്ന വിഡിയോ സംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.

സയൻസ് ഓഫ് സ്പിയർ എന്ന ഗോളാകൃതിയിലുളള സ്ക്രീനില്‍ ലോകത്തെ എല്ലാ ജീവജാലങ്ങളെയും വൈവിധ്യങ്ങളായ ആവാസവ്യവസ്ഥകളെയും നേരിട്ട് കാണാം. ഓഖി ചുഴലിക്കാറ്റില്‍ കടലിന്‍റെ കലങ്ങിമറിഞ്ഞ ആവാസവ്യവസ്ഥ, ആർട്ടിക്-അന്‍റാര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകൽ, ഉൽക്കകള്‍ പതിച്ചുണ്ടായ ലോകത്തെ അപൂര്‍വ ഗര്‍ത്തങ്ങൾ, ഭൂമിയില്‍ നിന്ന് നിശ്ചിത അടി ഉയരത്തില്‍ ആകാശത്ത് കൂടി കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ അടക്കമുള്ളവയെ സയന്‍സ് ഓഫ്സ്ഫീയറിലൂടെ കാണാനാകും.


Tags:    
News Summary - Ocean Museum vallakkadvu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.