'സ്വപ്നക്ക് ജോലി നൽകിയ എച്ച്.ആർ.ഡി.എസിന്റെ അട്ടപ്പാടിയിലെ പ്രവർത്തനം അനുമതിയില്ലാതെ'

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നക്ക് ജോലി നൽകിയ എച്ച്.ആർ.ഡി.എസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ്  സൊസൈറ്റി) എന്ന എൻ.ജി.ഒ സംഘടന അട്ടപ്പാടിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പട്ടികവർഗ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് പ്രോജക്ട് ഓഫീസറുടെ റിപ്പോർട്ട്. ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെയോ ജില്ല മജിസ്ട്രേറ്റിന്റെയോ അനുമതിയില്ലാതെയാണ്. അട്ടപ്പാടിയിലെ ആദിവാസി മേഖലയിലെ പ്രവർത്തനം സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ എച്ച്.ആർ.ഡി.എസിന് അനുമതി നൽകിയതായി രേഖകളൊന്നുമില്ലെന്ന് പട്ടികജാതി -ഗോത്ര കമീഷന് നൽകിയ റിപ്പോർട്ടിൽ പ്രോജക്ട് ഓഫീസർ ചൂണ്ടിക്കാട്ടി.

ആദിവാസിഭൂമി 33 വർഷത്തേക്ക് പാട്ടത്തിനെടുത്ത് ഔഷധ കൃഷി ചെയ്യാനായി ആദിവാസി ഊരുകളിൽ എച്ച്.ആർ.ഡി.എസ് യോഗം വിളിച്ചിരുന്നു. എന്നാൽ, ജില്ലാ ഭരണകൂടത്തിന് ഇടപെടൽമൂലം അത് നിർത്തലാക്കി. മൂന്നു പതിറ്റാണ്ടായി വട്ടലക്കി ഊരുനോട് ചേർന്ന് ആദിവാസികൾ ആട്-മാടുകളെ മേയ്ക്കുന്ന 45 ഏക്കർ പാട്ടത്തിനെടുത്തു എന്ന വ്യാജേന ഭൂമി കൈയേറുന്നതിനും എച്ച്.ആർ.ഡി.എസ് ശ്രമം നടത്തി. എന്നാൽ, ആദിവാസികൾ എച്ച്.ആർ.ഡി.എസിന്റെ നീക്കം തടഞ്ഞു. ഇതേതുടർന്ന് പൊലീസിലും കോടതിയിലും കേസുകൾ നിലവിലുണ്ട്. ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിനായി അവർ വീട് വെച്ചു നൽകുന്നതിന് പദ്ധതി തയാറാക്കി. അതിനും പട്ടികവർഗ വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല.

ഷോളയൂർ ഗ്രാമപഞ്ചായത്തിലെ 10 പട്ടികവർഗ ഊരുകളിൽ 112 വീടുകൾ നിർമ്മിച്ചു നൽകി. അതിൽ 60 വീടുകളിൽ മാത്രമേ നിലവിൽ താമസമുള്ളൂ. അഗളി ഗ്രാമപഞ്ചായത്തിൽ 57 വീടുകൾ നിർമിച്ച് നൽകിയതിൽ 43 വീടുകളിൽ താമസമുണ്ട്. പ്രീ -ഫാബ് മെറ്റീരിയൽ ഉപയോഗിച്ചാണ് 350 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചത്. വന്യമൃഗശല്യം നേരിടുന്ന സ്ഥലങ്ങളിൽ എച്ച്.ആർ.ഡി.എസ് നിർമ്മിച്ച ഈ വീടുകൾ സുരക്ഷിതമല്ല. എച്ച്.ആർ.ഡി.എസ് നിർമ്മിച്ച വീടുകളുടെ ഗുണനിലവാരം വിദഗ്ധരെക്കൊണ്ട് പരിശോധിക്കണമെന്നും പ്രോജക്ട് ഓഫീസർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.


ആദിവാസി ഊരുകളിൽ വീട് നിർമ്മിക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും അനുമതി വാങ്ങിയിരുന്നില്ല. എച്ച്.ആർ.ഡി.എസ് നിർമിച്ചുനൽകിയ വീടുകളിൽ പലതിനും വൈദ്യുതി കണക്ഷൻ ലഭിക്കുന്നില്ല. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും വീടുകളുടെ നിർമാണത്തിനും ഈ സംഘടന യാതൊരു മാനദണ്ഡവും സ്വീകരിച്ചിട്ടില്ല. കോർപറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്ത് ആദിവാസി മേഖലകളിൽ ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്ക് നടത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ അല്ല ഇവർ മരുന്ന് വിതരണം നടത്തിയത്.

എച്ച്.ആർ.ഡി.എസ് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസഹായവും ലഭിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ഉന്നത ഏജൻസി അന്വേഷണം നടത്തണം. നിലവിൽ പട്ടികവർഗ വകുപ്പ് എച്ച്.ആർ.ഡി.എസിന് ഫണ്ട് നൽകിയിട്ടില്ല. പട്ടികവർഗ വകുപ്പിന്റെ അനുമതിയില്ലാതെ ഊരുകളിൽ ഇവർ പ്രവർത്തനം നടത്തുന്നത്.

എച്ച്.ആർ.ഡി.എസിനെ സഹായിക്കുന്നത് ആദിവാസി ഊരുകളിലെ യുവതീ യുവാക്കളാണ്. അവരെ വളണ്ടിയർമാരായി എച്ച്.ആർ.ഡി. എസ് ഉപയോഗിക്കുന്നുണ്ട് . സർക്കാറിന്റെയും പട്ടികവർഗ വകുപ്പിന്റെയും അനുമതിയോടെ പ്രവർത്തനം നടത്തുന്നതെന്നാണ് ഇവർ ആദിവാസികളോടും എസ്.ടി പ്രമോട്ടർമാരോടും പറഞ്ഞത്.

എച്ച്.ആർ.ഡി.എസിന്റെ് പ്രവർത്തനത്തെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്താനും, നിയമവിരുധ പ്രവർത്തനം നടത്തുന്ന പക്ഷം വിവരം യഥാസമയം ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറെ അറിയിക്കുവാനും പ്രമോട്ടർമാർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ രകാഷാധികാരിയായ വിദ്യാധിരാജ് വിദ്യാസമാജം ട്രസ്റ്റ് വട്ടലക്കിയിൽ 55 ഏക്കർ ഭൂമി കൈയേറിയെന്ന് ആദിവാസികളുടെ പരാതിയിൽ പട്ടികജാതി ഗോത്ര കമ്മീഷൻ നോരത്തെ റിപ്പോരേ്്ട്ട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് എച്ച്. ആർ.ഡി.എസ് അനുമതിയില്ലാത്ത പ്രവർത്തനങ്ങൾ അക്കമിട്ടു പ്രോജക്ട് ഓഫീസർ ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - Of the HRDS who gave the Swapna Suresh job Report that the activity in Attappadi is without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.