കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ലക്ഷദ്വീപ്. കാറ്റും മഴയും കൽക്ഷോഭവും മൂലം ദ്വീപസമൂഹത്തിൽ 500 കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബ്രേക്ക് വാട്ടർ (കടലിൽ നിർമിക്കുന്ന കരിങ്കൽ ഭിത്തി) തകർന്നതിലൂടെ 200 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഹെലിപ്പാഡുകൾക്കും കാര്യമായ കേടുപാടുണ്ട്. തീരത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുകളിലേറെയും തകർന്നു. ചരക്ക്, യാത്ര കപ്പലുകൾക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. ആളപായം ഇല്ല. പ്രകൃതിക്ഷോഭത്തിൽ കാൽ നൂറ്റാണ്ടിനിടെ ഇത്ര നാശം സംഭവിച്ചിട്ടില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു.
മിനിക്കോയ്, കൽപേനി ദ്വീപുകളിലാണ് ഓഖി കൂടുതൽ നാശം വിതച്ചത്. കാറ്റിൽ വീടുകളും കെട്ടിടങ്ങളും തകർന്നതോടെ അനവധിപേരെ സ്കൂളുകളിലേക്കും സർക്കാർ ഓഫിസുകളിലേക്കും മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. ലക്ഷദ്വീപിന് പുറത്തുനിന്ന് വിവിധ ജോലികൾക്കായി വന്നു താമസിക്കുന്നവരുടേത് ഉൾപ്പെടെ താമസസ്ഥലവും നഷ്ടപ്പെട്ടു. കെട്ടിടങ്ങളിൽ പലതും താമസയോഗ്യമല്ല. അടിസ്ഥാന സൗകര്യം ഉൾപ്പെടെ പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ താൽക്കാലിക കേന്ദ്രങ്ങളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനാകൂ. 130 വർഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസിനും കാര്യമായ കേടുപാടുണ്ട്.
അഗത്തി, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളും കടലെടുത്തു. റോഡുകളും ജെട്ടികളും തകർന്നു. വൈദ്യുതി, വാർത്താവിനിമയ ഉപാധികളും താറുമാറായി. തിരയടിച്ച് കവരത്തിയിലെ ജല ശുദ്ധീകരണ പ്ലാൻറിെൻറ പ്രവർത്തനം നിലച്ചു. പ്ലാൻറ് പുനഃസ്ഥാപിക്കാനും വൻ തുക മുടക്കേണ്ടിവരും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ദ്വീപിലെ സ്ഥിതിഗതികൾ അറിയിച്ചിരുന്നതായി എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. നാശനഷ്ടങ്ങളെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയുടെ ഓഫിസിനെയും അറിയിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് സാധാരണ നിലയിലേക്ക്; കവരത്തിയിൽ കുടിവെള്ള ക്ഷാമം
കൊച്ചി: ഓഖി ഭീതിയിൽനിന്ന് ലക്ഷദ്വീപ് സാധാരണ ജീവതത്തിലേക്ക് മടങ്ങുന്നു. മിനിക്കോയ്, കൽപേനി ദ്വീപുകളിൽ സ്ഥിതി ശാന്തമാണ്. കാറ്റും മഴയും കടൽക്ഷോഭവും ശമിച്ചിട്ടുണ്ട്. കവരത്തിയിൽ മാത്രം ചെറിയ തോതിൽ മഴ പെയ്യുന്നുണ്ട്. വീടുകളും കെട്ടിടങ്ങളും താമസയോഗ്യമല്ലാത്തവിധം തകർന്നതിനാൽ ഏറെപ്പേരും അഭയകേന്ദ്രങ്ങളിൽ തന്നെയാണ് കഴിയുന്നത്.
കവരത്തിയിൽ ജലശുദ്ധീകരണ പ്ലാൻറ് തകർന്നതോടെ കുടിവെള്ളത്തിന് കടുത്തക്ഷാമമാണ്. പ്ലാൻറ് പ്രവർത്തനസജ്ജമാകുന്നതുവരെ കുടിവെള്ളത്തിന് മറ്റു മാർഗങ്ങൾ തേടേണ്ടിവരും. പ്രശ്ന പരിഹാരത്തിനായി ദ്വീപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഭക്ഷണക്ഷാമം ഉണ്ടാകാതിരിക്കാൻ റേഷൻ കടകളും കോപറേറ്റിവ് സൊസൈറ്റികളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. മറ്റു കച്ചവട സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. പച്ചക്കറികൾക്കും മറ്റും ക്ഷാമമുണ്ട്. കേരളത്തിൽനിന്നുള്ള കപ്പൽ സർവിസ് നിർത്തിവെച്ചതും തിരിച്ചടിയായി. വൈദ്യുതി, വാർത്തവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.