ന്യൂഡൽഹി: ചെലവു കുറഞ്ഞതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ എൻജിനുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് പെട്രോൾ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകി.
മലിനീകരണം കുറക്കുന്നതിനും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനും പെട്രോൾ ഔട്ട് ബോർഡ് എൻജിനുകൾ വാങ്ങാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകുമെന്ന് കൂടിക്കാഴ്ചക്കുശേഷം മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇപ്പോൾ ഉപയോഗിക്കുന്ന മണ്ണെണ്ണ എൻജിൻ കടലിൽ വലിയ മലിനീകരണമുണ്ടാക്കുന്നതായി ശാസ്ത്രീയ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പരിഹാരമാണ് പെട്രോൾ ഔട്ട് ബോർഡ് മോട്ടോറുകൾ. ഇത് ചെലവു കുറഞ്ഞതും ദീർഘകാലം ഈട്നിൽക്കുന്നതുമാണ്.
അറ്റകുറ്റപ്പണിക്കുള്ള ചെലവും കുറവാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം എൻജിനുകൾ വാങ്ങുന്നതിന് 50 ശതമാനം സർക്കാർ സബ്സിഡി നൽകും. പ്രാഥമിക തലത്തിലുള്ള മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങൾ വഴി ഇത്തരം എൻജിനുകൾ വിതരണംചെയ്യും. നിലവിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഡീസൽ യാനങ്ങൾക്കും സബ്സിഡി നൽകണം.
കേന്ദ്ര സർക്കാർ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് പെട്രോൾ, ഡീസൽ സബ്സിഡി നൽകുന്നുണ്ട്. ഇതിൽ ബി.പി.എൽ എന്നതു മാറ്റി മത്സ്യത്തൊഴിലാളികൾ എന്നാക്കി എല്ലാവർക്കും സബ്സിഡി നൽകുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.