കുഴിത്തുറ (കന്യാകുമാരി): ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ കന്യാകുമാരി ജില്ലയിലെ 1013ഒാളം മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ കുഴിത്തുറ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. തൂത്തൂർ മേഖലയിൽ ഉൾപ്പെട്ട തൂത്തൂർ, ചിന്നത്തുറ, വള്ളവിള, മാർത്താണ്ഡംതുറ, നീരോഡി, ഇരവിപുത്തൻതുറ, ഇരയിമ്മൻതുറ, പൂത്തുറ എന്നീ എട്ട് മത്സ്യബന്ധന ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ബന്ധപ്പെട്ട സഭാധ്യക്ഷന്മാരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് ജാഥയായി പുറപ്പെട്ടത്.
ജാഥ ചിന്നത്തുറയിൽനിന്ന് തുടങ്ങി നിദ്രവിള, പുതുക്കട, മുഞ്ചിറ, കാപ്പിക്കാട് വഴി 15 കിലോമീറ്റർ കടന്ന് കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷൻവഴി കുഴിത്തുറ സ്റ്റേഷനിൽ എത്തിച്ചേർന്നു. അയൽ സംസ്ഥാനമായ കേരളം സർവസന്നാഹവും ഉപയോഗിച്ച് കടലിൽ മത്സ്യത്തൊഴിലാളികളെ തിരയുകയും മരിച്ചവർക്കും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ സഹായം നൽകുകയും ചെയ്യുമ്പോൾ തമിഴ്നാട്ടിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അവർ ആരോപിച്ചു.
മുഖ്യമന്ത്രി സമരസ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചശേഷമേ ഉപരോധം പിൻവലിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി. ഉച്ചക്ക് 12ഒാടെ തുടങ്ങിയ സമരം രാത്രിയും തുടർന്നു. കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്ന്്് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞിട്ടും കടലിൽ തിരച്ചലിനായി സർക്കാർ സംവിധാനമൊരുക്കിയില്ലെന്ന് തൂത്തൂർ മേഖല സഭാധ്യക്ഷൻ ഫാ. ആൻഡ്രൂസ് ആരോപിച്ചു. ഉപരോധ സമരം മൂലം നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം-ട്രിച്ചി ഇൻറർസിറ്റി, നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ, മെമു സർവിസുകൾ എന്നിവ മുടങ്ങി. അനന്തപുരി-ചെന്നൈ എക്സ്പ്രസും മുടങ്ങുന്ന അവസ്ഥയാണുള്ളത്.
Train service regulation for security reasons due to agitation by ockhi affected at kuluturai pic.twitter.com/GNvj724OL0
— DRM Trivandrum (@TVC138) December 7, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.