പിറവം: മികച്ച സാമ്പത്തിക ചുറ്റുപാടിൽ കഴിയുന്ന ആറ് ആൺമക്കളുള്ള വയോധിക ദമ്പതിക ൾക്ക് അവസാനം ആശ്രയമായത് വനിത ശിശുവികസന വകുപ്പ്. നഗരസഭയിൽ ഗവ. എൽ.പി സ്കൂളിന് സമീപം നാല് സെൻറിൽ പഴയ വീട്ടിൽ ഒറ്റക്ക് അവശനിലയിൽ കഴിഞ്ഞ തുമ്പയിൽ തൊമ്മച്ചൻ ( തോമ സ് 96), ഭാര്യ ഏലിയാമ്മ (91) എന്നിവരാണ് നൊമ്പര കാഴ്ചയായത്.
പിറവം സർക്കാർ ആശുപത്രി യിൽ എത്തിച്ച തോമസിെൻറ ഒരുവശം തളർന്നിട്ടുണ്ട്. സ്കാനിങിനും വിദഗ്ധ ചികിത്സക്കുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വനിത ശിശുവികസന വകുപ്പ് ഓഫിസിൽ ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് ഇവരുടെ വീട്ടിൽ ഓഫിസർ ഇൻ ചാർജ് കെ.കെ. ഷൈല, സൂപ്പർവൈസർമാരായ അഞ്ജു കൃഷ്ണ, ആശ പോൾ, കെ.ജി. കൃഷ്ണശോഭ, എസ്.എൻ. സുജാത, എം.കെ. നിഷ എന്നിവർ ആശ പ്രവർത്തക സിജി സുകുമാരനോടോപ്പം എത്തിയത്.
പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാത്ത വിധമായിരുന്നു ഇരുവരും. ഏലിയാമ്മയെ കണ്ട് സംസാരിച്ചപ്പോഴാണ് മറ്റൊരു മുറിയിൽ തീർത്തും അവശനായി മലമൂത്രവിസർജനത്തിൽ കിടന്ന തോമസിനെ കണ്ടെത്തിയത്. രക്തസമ്മർദം അധികരിച്ച് അനക്കമില്ലാത്ത നിലയിലായിരുന്നു. തുടർന്ന് നഗരസഭ അധികൃതരെ അറിയിച്ച് പാലിയേറ്റിവ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭൂസ്വത്ത് മക്കൾക്ക് വീതിച്ച് നൽകിയശേഷം തോമസും ഏലിയാമ്മയും കുടുസുവീട്ടിലായിരുന്നു താമസം. വീടിെൻറ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റി ഷീറ്റിട്ട് മറച്ചിരുന്നു. പിറവം ടൗണിൽ കരവട്ടെ കുരിശിന് സമീപം കടമുറികൾ ഉള്ള ഇവരുടെ ആറു മക്കൾക്കും മികച്ച സാമ്പത്തിക ചുറ്റുപാടുണ്ട്. പിറവത്തിെൻറ വിവിധ ഭാഗങ്ങളിലാണ് മക്കളുടെ താമസം.
തറവാടിനോട് ചേർന്ന് നിർമിച്ച വീട്ടിലാണ് ഇളയ മകൻ കുടുംബമായി താമസിക്കുന്നത്. അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇവരുടെ മൂത്തമകൻ കുഞ്ഞപ്പനും മറ്റൊരു മകൻ പൗലോസും ആശുപത്രിയിൽ എത്തിയിരുന്നു. മാതാപിതാക്കൾക്ക് ഭക്ഷണം ഊഴം െവച്ചാണ് നൽകുന്നതെന്നും കാണാൻ എത്താറുണ്ടെന്നും കുഞ്ഞപ്പൻ പറഞ്ഞു. മറ്റാരും കാര്യങ്ങൾ നോക്കാറില്ലെന്നും കൂട്ടിച്ചേർത്തു.
അടുത്തകാലം വരെ വെളുപ്പിന് ആറിന് പിറവം ടൗണിലേക്ക് പ്രഭാത സവാരിക്ക് ഇറങ്ങാറുള്ള തുമ്പയിൽ തൊമ്മൻചേട്ടൻ എല്ലാവർക്കും സുപരിചിതനാണ്. ആരോഗ്യവാനായ തൊണ്ണൂറുകാരനെ കൗതുകത്തോടെയാണ് നാട്ടുകാർ കണ്ടിരുന്നത്. മക്കളും കൊച്ചുമക്കളും സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ വയോ ദമ്പതികളുടെ അവസാന നാളുകളിൽ ആരും തുണയില്ലാതെ പോയതിെൻറ ആശ്ചര്യത്തിലാണ് പരിസരവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.