കനത്ത മഴയിൽ പഴയ കൊച്ചിന്‍ പാലം തകർന്നു

തൃശ്ശൂർ : കനത്ത മഴയെ തുടർന്ന് ഭാരതപ്പുഴയിൽ ഉണ്ടായ കുത്തൊഴുകിൽ ചെറുതുരുത്തിയിലെ പഴയ കൊച്ചിൻ പാലം തകർന്നു.122 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. 2011 ൽ പാലത്തിന്റെ നടുഭാഗം തകർന്നിരുന്നെങ്കിലും 2018ലെയും 2019ലെയും പ്രളയങ്ങളിൽ പാലത്തിന് സാരമായ കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.

ചെറുതുരുത്തി – ഷൊർണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കൊച്ചിൻ പാലം, കേരളപ്പിറവിക്ക് മുൻപ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂർ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിർമിച്ചത്.

ഷൊർണൂരിലൂടെ കടന്ന് പോകുന്ന ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിർമാണത്തിന് പിന്നിൽ. മലബാർ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഗവൺമെന്റ് തീവണ്ടി ഗതാഗതത്തിന് വേണ്ട ചിലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജകുടുംബത്തിലെ പലരുടെയും എതിർപ്പിനെ അവഗണിച്ച് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപട്ടങ്ങളും പൊതുഖജനാവിലെ പണവും ചേർത്ത് 84 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് പാലം നിർമിച്ചത്.

1902 ജൂൺ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിൻ പാലത്തിലൂടെയാണ് സർവീസ് നടത്തിയത്.

Tags:    
News Summary - Old Cochin bridge collapsed due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.