അടൂരിലെ ഏനാത്തിൽ സൈന്യം നിർമിച്ച ബെയ്‌ലി പാലം

ആദ്യ ബെയ്‌ലി പാലം സൈന്യം നിർമിച്ചത് അടൂരിലെ ഏനാത്തിൽ

കേരളത്തിൽ ആദ്യമായി കരസേന ബെയ്‌ലി പാലം നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാത്തിൽ. 2017 ഏപ്രിലിൽ കല്ലടയാറിന് കുറുകെയുള്ള എം.സി റോഡിൽ പത്തനംതിട്ട–കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് താൽകാലിക പാലം സൈന്യം നിർമിച്ചത്.

ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന 55 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ള ക്ലാസ് 18 വിഭാഗത്തിലുള്ള പാലമായിരുന്നു ഇത്. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 14ാം എൻജിനീയറിങ് റെജിമെന്റിന്‍റെ മേൽനോട്ടത്തിൽ 50 സൈനികരാണ് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.

സെക്കന്ദരാബാദിൽ നിന്നാണ് പാലം നിർമാണത്തിനുള്ള സാമഗ്രികൾ ഏനാത്തിൽ എത്തിച്ചത്. അഞ്ച് മാസത്തോളം ബെയ്‍ലി പാലത്തിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പിന്നീട് പഴയ പാലം നവീകരിച്ച ശേഷം സൈന്യം ബെയ്‍ലി പാലം പൊളിച്ചു നീക്കുകയായിരുന്നു.

Full View

രണ്ടാം ലോക മഹായുദ്ധം മുതൽ സൈനിക വാഹനങ്ങൾ അടക്കമുള്ളവയുടെ സഞ്ചാരത്തിനായാണ് ബെയ്‍ലി പാലം ഉപയോഗിച്ചിരുന്നത്. ബെയ്‍ലി പാലത്തിന്‍റെ ഇരുമ്പ് കൊണ്ട് മുൻകൂട്ടി നിർമിച്ച ഭാഗങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാവുന്നതാണ്.

ഒരു വശത്ത് നിന്ന് പാലത്തിന്‍റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച ശേഷം തള്ളി നീക്കി എതിർവശത്തെ അടിത്തറക്ക് മുകളിൽ എത്തിച്ചാണ് പാലം ഉറപ്പിക്കുന്നത്. തുടർന്ന് നെട്ട്ബോൾട്ടുകൾ ഉപയോഗിച്ച് സ്പാനുകൾ ബലപ്പെടുത്തും. ശേഷം സ്പാനിന് മുകളിൽ ഇരുമ്പ് പാളികൾ ഉറപ്പിക്കുന്നതോടെ ബെയ്‍ലി പാലം സഞ്ചാരയോഗ്യമാകും.

വയനാട്ടിൽ ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡുമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയക്. ഇതോടെ, ദുരന്തത്തിൽ പരിക്കേറ്റവരെയും കുടുങ്ങികിടക്കുന്നവരെയും മുണ്ടക്കൈയിൽ എത്തിക്കാനാവാത്ത സ്ഥിതിയായി.

സൈന്യം നിർമിച്ച വീതി കുറഞ്ഞ താൽകാലിക പാലം വഴി പരിക്കേറ്റവരെയും റോപ്പ് വഴി മൃതദേഹങ്ങളും എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് 85 അടി നീളമുള്ള ബെയ്‍ലി പാലം നിർമിക്കാൻ സൈന്യം തീരുമാനിച്ചത്. ചെറിയ മണ്ണുമാന്തിയന്ത്രം കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള പാലമാണ് സൈന്യം നിർമിക്കുന്നത്.

ഡൽഹിയിൽ നിന്ന് വ്യോമസേന വിമാനത്തിലാണ് പാലത്തിന്‍റെ നിർമാണഭാഗങ്ങളും ഉപകരണങ്ങളും കണ്ണൂരിലെത്തിച്ചത്. തുടർന്ന് 17 ട്രക്കുകളിലായി സാമഗ്രികൾ മുണ്ടക്കൈയിൽ എത്തിച്ചു. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻസിങ് നഥാവത് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Tags:    
News Summary - The first Bailey bridge was built by the indian army at Enathu in Adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.