തൃശൂർ: ‘സാറേ, ആരും എടുക്കില്ലാന്ന് പറയുന്നു, ഈ പൈസയൊന്ന് മാറ്റിത്തരുമോ?’ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചടങ്ങിനെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറിന് മുന്നിൽ ചുരുട്ടിപ്പിടിച്ച പഴയ നാല് അഞ്ഞൂറു രൂപ നോട്ടുകളുമായി നിൽക്കുമ്പോൾ പുറനാട്ടുകര സ്വദേശിനി സരോജിനി വിതുമ്പി. അവരുടെ കൈയിലിരുന്ന നോട്ട് കണ്ട മന്ത്രി എന്ത് പറയണമെന്നറിയാതെ ഇടറി.
വീടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന സരോജിനി നിധിപോലെ സൂക്ഷിച്ചുവെച്ചതായിരുന്നു പഴയ 500രൂപയുടെ നാല് നോട്ടുകൾ. നിത്യവൃത്തിക്ക് പണമില്ലാതായപ്പോഴാണ് അവർ ഇത് ചെലവാക്കാനായി എടുത്തത്. എന്നാൽ ആ നോട്ട് സ്വീകരിക്കാൻ ആരും തയാറായില്ല. ഈ നോട്ട് പിൻവലിച്ചെന്ന് പറഞ്ഞപ്പോഴും അവർ വിശ്വസിച്ചില്ല. പരിചയക്കാരുടെ നിർദേശമനുസരിച്ച് ബാങ്കിൽ ചെന്നപ്പോൾ അവരും കൈമലർത്തി. ഒടുവിൽ മന്ത്രിയുടെ അടുത്ത് ചെന്നാൽ ചിലപ്പോൾ മാറ്റിക്കിട്ടും എന്നാരോ പറഞ്ഞു. ഇതുകേട്ടാണ് അവർ തെൻറ അടുത്തെത്തിയതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.
സരോജിനിയുടെ ആവശ്യം കേട്ട മന്ത്രി ഇവരെ കൈയിൽപിടിച്ച് ആശ്വസിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നോട്ട് നിരോധിച്ചതോ സമരങ്ങളോ ഒന്നും സരോജിനി അറിഞ്ഞിരുന്നില്ല. ചെലവാക്കാതെ, ബാങ്കിൽ നിക്ഷേപിക്കാതെ ഒരു കരുതൽ പോലെ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് വീട്ടുജോലി ചെയ്തുകിട്ടിയ 2000 രൂപ. മന്ത്രി വിചാരിച്ചാൽ നോട്ട് മാറ്റിക്കിട്ടുമെന്ന അവസാന പ്രതീക്ഷയിലാണ് ഇവർ. മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്തുനൽകിയാൽ പുതിയ നോട്ട് കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. മന്ത്രിയുടെ കത്തുണ്ടായാൽ നോട്ട് മാറ്റിക്കൊടുക്കാൻ നിയമസാധുതയുണ്ടോയെന്ന് പരിശോധിക്കാമെന്നും നാളെ എന്തായാലും തന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി തെൻറ ഫോൺ നമ്പർ സരോജിനിക്ക് കുറിച്ചു നൽകിയിട്ടുണ്ട്. ഇങ്ങനെ ഒരാവശ്യവുമായി ആദ്യമായാണ് ഒരാൾ തെൻറ മുന്നിലെത്തിയതെന്ന് മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവരുടെ നോട്ട് മാറ്റികൊടുക്കാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.