ചെറുതുരുത്തി: തൃശൂരിൽ ജോലി ചെയ്യുന്ന സൈനികൻ ചമഞ്ഞ് ഒ.എൽ.എക്സിലൂടെ ഇരുചക്ര വാഹനം വിൽപനക്ക് വെച്ച് തട്ടിപ്പുകാർ പ്രവാസി യുവാവിൽനിന്ന് 32,500 രൂപ തട്ടിയെടുത്തു. ദുബൈയിൽ ജോലി ചെയ്യുന്ന പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ തൊഴുപ്പാടം മീനനഗർ സ്വദേശി കൂമുള്ളിൽകാട്ടിൽ വീട്ടിൽ ഗിരീഷ് കുമാറാണ് തട്ടിപ്പിനിരയായത്. ഒ.എൽ.എക്സിൽ കണ്ട ഹോണ്ട ആക്ടിവ സ്കൂട്ടർ വാങ്ങാനാണ് ഗിരീഷ് കുമാർ ശ്രമിച്ചത്.
ബന്ധപ്പെടാൻ നിർദേശിച്ച നമ്പറിൽ വിളിച്ചപ്പോൾ തൃശൂരിൽ ജോലി ചെയ്യുന്ന ആർമി ഉദ്യോഗസ്ഥനാണെന്നും ജമ്മു- കശ്മീരിലേക്ക് സ്ഥലം മാറി പോകുന്നതിനാലാണ് കുറഞ്ഞ നിരക്കിൽ സ്കൂട്ടർ വിൽക്കുന്നതെന്നും വിശ്വസിപ്പിച്ചു. ആർമിയിൽനിന്ന് വാങ്ങിയ വാഹനമായതിനാൽ വിൽപനക്ക് മുമ്പുള്ള ക്ലിയറിങ്ങിന് 5500 രൂപ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്.
ബാക്കി തുക വണ്ടി നൽകുമ്പോൾ മതിയെന്നും ആർമിയുടെ തൃശൂർ ഓഫിസിൽനിന്ന് വീട്ടിലെത്തിച്ച് നൽകുമെന്നും അറിയിച്ചു. ഇതോടെ ഗിരീഷ് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീട് 13,000 രൂപയും കൈപ്പറ്റി. തുടർന്ന് വണ്ടി കൊറിയറായി മുള്ളൂർക്കര ആറ്റൂരിൽ എത്തിയതായി ഫോൺ എത്തി.
ആവശ്യപ്പെട്ടതുപ്രകാരം ഗിരീഷ് കുമാർ ബാക്കി തുകയായ 14,000 രൂപയും ട്രാൻസ്ഫർ ചെയ്തു. അബ്ദുൽ ഹമീദ് കോങ്ങാട്ടിൽ എന്ന വ്യക്തിയുടെ പേരിലുള്ള സ്കൂട്ടറാണ് തട്ടിപ്പ് സംഘം വാട്സ്ആപ്പിൽ അയച്ചുകൊടുത്തതെന്ന് ഗിരീഷ് കുമാർ അറിയിച്ചു.
കരാർ പ്രകാരമുള്ള തുക മുഴുവൻ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതായും ഇത് നൽകില്ലെന്ന് അറിയിച്ചപ്പോൾ ഹിന്ദിയിൽ ഭീഷണിപ്പെടുത്തിയതായും ഗിരീഷ് കുമാർ പറഞ്ഞു. ഗിരീഷ്കുമാറിെൻറ സഹോദരൻ അനീഷ് കുമാർ ചെറുതുരുത്തി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.