നെടുമങ്ങാട്: പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കോടതി ഉത്തരവിലൂടെ സബ് രജിസ്ട്രാർ ഓഫീസിലെത്തി വസ്തു പ്രമാണം ചെയ്തു നൽകി. തിരുവനന്തപുരം സെക്ഷൻ കോടതിയുടെ (പോക്സോ) ഉത്തരവിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞ പ്രതിയാണ് വെള്ളനാട് സബ്റജിസ്ട്രാർ ഓഫിസർക്ക് മുന്നിൽ ആധാരം പതിക്കുന്നതിനുള്ള നടപടികൾക്ക് പൊലീസ് അകമ്പടിയിൽ എത്തിയത്.
ആധാരം എഴുത്തുകാരുടെ സമരം നടന്ന വെള്ളിയാഴ്ചയാണ് പുനലാൽ വിമൽ നിവാസിൽ വി.വിമൽ കുമാർ (49) പൊലീസ് സംരക്ഷണയിൽ വെള്ളനാട് സബ്റജിസ്ട്രാർ കെ.എസ്.ലക്ഷ്മിക്ക് മുന്നിൽ എത്തി വെള്ളനാട് വില്ലേജിലെ തന്റെ വസ്തു വിൽക്കുന്നതിനുളള നടപടികൾ പൂർത്തിയാക്കിയത്. ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് മടങ്ങി. കഴിഞ്ഞ വർഷം ഡിസംബറിൽ ആധാരം റജിസ്റ്റർ ചെയ്യാൻ സബ്റജിസ്റ്റർ ഓഫിസിൽ പോകുന്നതിനിടെ പുനലാലിൽ നിന്ന് വിമൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ റജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെട്ടിരുന്നു.
2013 സെപ്റ്റംബറിൽ ഈഞ്ചക്കലിൽ വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്ന വഞ്ചിയൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ആണ് വിമൽ കുമാർ ജയിലിൽ ആയത്. ജുഡീഷ്യൽ കസ്റ്റഡിക്കിടെ ജാമ്യം ലഭിച്ചെങ്കിലും കോടതി നടപടികൾക്ക് എത്താതെ മുങ്ങിയതിനെ തുടർന്ന് വീണ്ടും അഴിക്കുള്ളിൽ ആയി. തുടർന്നാണ് വസ്തു വാങ്ങിയ ആളിന്റെ നിർദേശ പ്രകാരം അഭിഭാഷകൻ ബാജി രവീന്ദ്രൻ മുഖേന പെറ്റീഷൻ ഫയൽ ചെയ്യുന്നതും കോടതി ഉത്തരവിടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.