വർഷങ്ങളോളം പ്രണയിച്ചു, വിവാഹത്തലേന്ന് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു, കല്ല്യാണപ്പന്തലിൽ കൂട്ടത്തല്ല്

കൊല്ലം: വർഷങ്ങളോളം പ്രണയിച്ച് ഒടുവിൽ വിവാഹം വരെ എത്തിയിട്ടും വിവാഹ തലേന്ന് വരനും വധുവും വഴക്കിട്ടു പിരിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നം വഷളായതോടെ വിവാഹ പന്തലിൽ ബന്ധുക്കൾ തമ്മിൽത്തല്ലി. കൊല്ലത്താണ് സംഭവം.

ഏറ്റുമുട്ടലിൽ വരന്‍റെ പിതാവിന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. പാരിപ്പള്ളി കിഴക്കനേല സ്വദേശിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മിൽ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് തർക്കം മൂലം മുടങ്ങിയത്.

ഇരുവരും തമ്മിലുള്ള പ്രണയം യുവതിയുടെ വീട്ടുകാർ തുടക്കത്തിൽ എതിർത്തിരുന്നു. എന്നാൽ ഒൻപത് മാസം മുമ്പ് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു.

വിവാഹത്തലേന്നുള്ള ചടങ്ങിനായി പെണ്ണിന്‍റെ വീട്ടിലെത്തിയ വരനുമായി വധു തർക്കത്തിലായി. ഇരുവരുടെയും ബന്ധുക്കൾ ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ചർച്ചകൾ പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ പിതാവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇരു വീട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.   

Tags:    
News Summary - On the eve of the wedding, the bride and groom broke up after a fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.