കാക്കകളും പൂച്ചകളും പൂക്കളും മനുഷ്യരും ചേര്‍ന്ന പൂക്കളം

മനസ്സ് ക്ലിക്ക്​ ചെയ്തുവെച്ചിരിക്കുന്ന കുറേ ഓര്‍മ ഫോട്ടോകളാണ് എനിക്ക് ഓണം. എരമല്ലൂരെ പഴയവീട്​.  കടല്‍ത്തീരത്തിലെപ്പോലെയുള്ള പഞ്ചാരപ്പൊടിമണ്ണ്. വീട്ടുപൂക്കളും വീട്ടിലകളും വീട്ടുസ്‌നേഹവും കൊണ്ടു ഞങ്ങളെല്ലാവരും ചേര്‍ന്നുതീര്‍ക്കുന്ന പൂക്കളങ്ങൾ. വീടിനുമേല്‍ കുടചൂടുന്ന ഓണനിലാവ്. വീട്ടിലെ ഓട്ടുരുളിയില്‍ ചേര്‍ത്തല മുത്തച്ഛന്‍ മെനഞ്ഞെടുത്ത ശര്‍ക്കരപുരട്ടിയിലെ ഏലയ്ക്കാമണം. ഉള്ളാടത്തിപ്പാറു മുഖം നിറയുന്ന ചിരികൊണ്ട് നെയ്‌തെടുത്ത വട്ടിയുമായി വരുന്ന ഓണക്കാഴ്ച. ദേഹമാസകലം  പുല്ലുവച്ചുകെട്ടി മുറ്റത്തുവന്നാടുന്ന  രൂപങ്ങള്‍ തരുന്ന  പച്ചപ്പ്.  തോട്ടുവക്കത്ത് ദൈവം കൊണ്ടുനട്ടപോലെ നിരനിരയായി ആടിപ്പാടിനിന്ന്  പൂപ്പരപ്പു പണിയുന്ന ഇളം കുങ്കുമനിറത്തിലെ ഓണപ്പൂക്കള്‍....

ഓരോതവണ ഓണസദ്യയുണ്ടു കഴിയുമ്പോഴും മുത്തച്ഛന്‍ പറഞ്ഞു - ‘അങ്ങനെ ഇത്തവണത്തെ ഓണവും ഉണ്ടു . അടുത്തകൊല്ലത്തെ ഓണത്തിന് ഉണ്ടാകുമോ എന്തോ?’

ഓരോ ഒത്തുചേരലും അടുത്തതവണത്തെ ഒത്തുചേരലി​​​ൻറെ അനിശ്​ചിതത്വത്തിലേക്കാണ്​ വിരല്‍ ചൂണ്ടുന്നതെന്ന് മുത്തച്ഛൻറെ ആ ആത്മഗതം പറഞ്ഞുതന്നു. ഓരോണക്കാലത്ത് ഉത്രാടനാളിലാണ് മുത്തച്ഛന്‍ പോയത്. ഉത്രാടത്തലേന്ന് രാത്രി ദേവകിയമ്മ മുറ്റമടിക്കാന്‍ വരികയും  ചൂലിൻറെ പാടുകള്‍ ഏതോ  ചിത്രവിദ്യകള്‍ പോലെ മുറ്റത്തു പടരുകയും മുത്തച്ഛന്‍ കുനിഞ്ഞിരുന്ന് ഈര്‍ക്കില്‍ കൊണ്ട് നെറ്റിപ്പട്ടവും ശംഖും വിളക്കും മുറ്റത്ത് വരച്ച് ഇന്നയിന്ന നിറങ്ങളിലെ പൂ കൊണ്ടു വാ എന്ന് ഞങ്ങളെ മുറ്റമാകെ നെട്ടോട്ടമോടിക്കുകയും ചെയ്തതി​​​ൻറെ ഓര്‍മയില്‍ അന്ന് മുറ്റവും പൂക്കളും ഞങ്ങളും നിശബ്ദരായി.
 
അമ്മ ഒരിയ്ക്കലും നല്ലൊരുഅടുക്കളപ്പാചകക്കാരിയല്ല. അതു കൊണ്ടാവും ഓണവിഭവങ്ങളെക്കുറിച്ചൊന്നും വാചാലയാവാന്‍ എനിക്കറിയില്ല.അമ്മ ഏതുകാലത്തും എനിക്കും ദിപുവിനും പാചകംചെയ്തു തന്നിരുന്നത് രുചിയാര്‍ന്ന സ്വപ്‌നങ്ങളും വേറിട്ട ചിന്തകളുമാണ്. ഒഴിഞ്ഞു കിടക്കുന്ന എരമല്ലൂരിലെ വീട്ടിലേക്ക്  ഇത്തവണ ഓണഒഴിവും കൊണ്ട് എത്തിയ ദിവസം, അടുക്കളക്കോലാഹലം അടുക്കിപ്പെറുക്കിക്കൊണ്ട് അമ്മ പറഞ്ഞു. ‘‘എത്ര നേരമാണ് ഒരു വെള്ളച്ചിത്രശലഭം ആ ചോന്ന ചെമ്പരത്തിയില്‍ വന്ന് തിരിഞ്ഞും മറിഞ്ഞുമിരുന്ന് തേന്‍  കുടിച്ചത് .. ’’


ഓണം ,  ഓണക്കോടിയുടെ നിറത്തിനുമപ്പുറം  പൂക്കളുടെയും പൂമ്പാറ്റകളുടെയും നിറമാണെന്നു പഠിച്ചത് ഈ വീട്ടില്‍ നിന്നാണെന്ന് അപ്പോഴോര്‍ത്തു. എരമല്ലൂരിലെ വീട്ടിലെ സ്വപ്‌നത്തരിമണ്ണിലേക്ക് കാറില്‍ നിന്ന് കാലു കുത്തിയതും എന്റെ പന്ത്രണ്ടുവയസ്സുകാരന്‍ ആശ്ചര്യത്തോടെ വിളിച്ചുപറയുന്നതു കേട്ടു , നോക്കമ്മൂമ്മേ, നമ്മടെ മതിലിനെ മറച്ച് ഇതെന്താ ഒരു പച്ചമതില്‍പ്പൊക്കം..!   


നാടന്‍ചോപ്പുചെമ്പരത്തി , മതിലിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്ന് ചുവന്നപൂക്കള്‍ നിവര്‍ത്തിപ്പിടിച്ച് ഇടവഴിയിലൂടെ പോകുന്നവരോടൊക്കെ ഓണം വന്നേ എന്നു വിളിച്ചു പറയുന്നത് നോക്കി എല്ലാവരും ഒരു നിമിഷം നിന്നു.
ആരും നോക്കാനില്ലാത്ത മുറ്റത്ത്, മഴയും വെയിലും കാറ്റും കിളികളും കൂടി പിടിപ്പിച്ച ചെടികള്‍ പൂത്തുനില്‍ക്കുന്നതില്‍നിന്ന് പൂ  പറിച്ചെടുത്ത് പൂക്കളമിടാന്‍ രാവിലെ മകനെയും, ദിപുവിൻറെ മകളെയും കൂട്ടി ഒരുങ്ങുമ്പോള്‍ കണ്ടു, പവിഴമല്ലിച്ചോട്ടില്‍ ദൈവമിട്ട പൂക്കളം. താനേ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന പവിഴമല്ലിപ്പൂക്കളുടെ ലയഭംഗി, ഒരു പൂക്കളത്തിനും ഞാനിതേവരെ കണ്ടിട്ടില്ല.

ആലവട്ടത്തില്‍ മയില്‍പ്പീലികളെന്നപോലെ പച്ചിലകള്‍  നീര്‍ത്തി നിരത്തിവച്ച് പൂക്കളങ്ങളുടെ ഭംഗി കൂട്ടുന്ന എളുപ്പവിദ്യ പഠിപ്പിച്ചുതന്നത് മുത്തച്ഛനാണ്. പൂക്കളമിടുമ്പോള്‍ ഒക്കെയും, മണ്‍ മറഞ്ഞുപോയ  ആ  മുത്തച്ഛന്‍കഥകള്‍ വിസ്തരിച്ചു കൊടുക്കും കുഞ്ഞുണ്ണിയ്ക്ക്. ഇലകളില്ലാതെ  കുഞ്ഞുണ്ണിക്കുമില്ല ഇപ്പോഴൊരു പൂക്കളവും.

ഇന്ന് ഇല പറിക്കുമ്പോള്‍ ഇലയില്‍ നിന്നൂറിവന്ന വെളുത്ത ചറം പറ്റി  അവൻറെ കൈയില്‍. അതു തൂത്തുകളയുന്നതിനിടെ അവന്‍ കാക്കപ്പൊന്നിനെക്കുറിച്ചു പറഞ്ഞു. കാക്കകള്‍ തെങ്ങിന്‍മേല്‍ അവിടവിടെയൊക്കെ  കൊത്തിപ്പറിക്കുമ്പോള്‍, തെങ്ങിനു പറ്റുന്ന മുറിവുകളിൽ പുരട്ടാന്‍ തെങ്ങ്​ സ്വയം ഉത്പാദിപ്പിക്കുന്ന ഒട്ടുന്ന ഒരു വസ്തു, അതിനെയാണ് കാക്കപ്പൊന്ന് എന്നു പറയുന്നത് എന്നും കാക്കകളെ ശ്രദ്ധിച്ചിട്ടില്ലേ അമ്മ, ഒരു  ഇരിക്കപ്പൊറുതിയുമില്ലല്ലോ അതുങ്ങക്ക്, നമ്മള്‍ മുന്നില്‍ വന്നു നിന്നാലും അവര് ചാഞ്ഞുചെരിഞ്ഞ് നമ്മള്‍ നില്‍ക്കുന്ന ഇടം ഒഴിച്ചുള്ള സര്‍വ്വയിടത്തേക്കും നോക്കണത് കണ്ടിട്ടില്ലേ ADHD(Attention Deficit Hyperactivity Disorder)  പ്രശ്നമുള്ളവരാണ് കാക്കകൾ എന്നു വളരെ ഗൗരവത്തിൽ പറഞ്ഞ് തന്ന് അവനെന്നെ ചിരിപ്പിച്ചു.

കാക്കകളും പൂച്ചകളും പൂക്കളും മനുഷ്യരും ചേര്‍ന്നതാണ് പൂക്കളം എന്നു തോന്നിപ്പോയി അന്നേരം. ഓണപ്പൂക്കളമൊരുക്കാന്‍  ഒത്തുകൂടി ഇരിക്കുമ്പോള്‍ ലോകം, പല പല നുറുങ്ങറിവുകളായി പണ്ടും വന്ന് തൊട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തു. കാണാത്ത പൂക്കളും കേള്‍ക്കാത്ത കവിതകളും പങ്കുവയ്ക്കപ്പെടാത്ത ഓര്‍മകളും വീട്ടിലെ ഓരോ പൂക്കാരനും പൂക്കാരിയും ഞങ്ങള്‍ക്ക് പകര്‍ന്നുതന്നിരുന്നു  പൂക്കളമൊരുക്കാനിരിക്കുമ്പോള്‍.

കഴിഞ്ഞ ദിവസം കാര്‍പോര്‍ച്ചില്‍കിടക്കാന്‍ വന്ന വയസ്സന്‍ പൂച്ചയോട് അമ്മ വന്ന് വളരെ കാര്യമായി പറഞ്ഞു. ഇപ്പോ കാറ് വരും. ഇപ്പോ ഇവിടെ കിടന്നാല്‍ ശരിയാവില്ല. എന്നിട്ട് അമ്മ , ‘കുഞ്ഞുണ്ണീ ദേ ഭൂമിയുടെ ഒരവകാശി വന്നിരിക്കുന്നു...’ എന്നു വിളിച്ചു പറഞ്ഞു. കുഞ്ഞുണ്ണി പാഞ്ഞു വന്നിട്ടും പേടിക്കാതെ പൂച്ച നിന്നേടത്തുതന്നെ നിന്നു. പൂച്ച, കുഞ്ഞുണ്ണിയെ നോക്കി വെറുതെ നിന്നു കുറേ നേരം. വയസ്സന്‍ പൂച്ചയാണ്, മുറിഞ്ഞിട്ടുണ്ട് അവിടവിടെ, വെറ്റിനറി ഡോക്റ്ററുടെ അടുത്തു കൊണ്ടുപോകാം എന്നവന്‍ രാവിലെ സ്‌ക്കുളില്‍ പോകാന്‍ നേരം പറഞ്ഞിരുന്നു. കുറേനേരം അനങ്ങാതെ നിന്നിട്ട് പൂച്ച പിന്നെ  തിരിഞ്ഞു നടന്നു. അതിന് വിശന്നിട്ടായിരിക്കും എന്നു തോന്നി പെട്ടെന്നമ്മയ്ക്ക്. ചോറും കൊണ്ടമ്മ വന്നപ്പോഴേക്ക് അത്  ഗേറ്റുകടന്നുപുറത്തുപോയിരുന്നു. അമ്മ, ‘പൂച്ചേ...’ എന്നൊത്തിരി വിളിച്ചിട്ടും അത് തിരിഞ്ഞുനോക്കാതെ പോയി. പാവം, അതിന് കിടക്കാനൊരിടം ആയിരിക്കും വേണ്ടിയിരുന്നത് എന്ന് വൈകുന്നേരം ഞാന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു.

പ്രിയ എ.എസ്​ അമ്മയ്​ക്കും അച്ഛനും മകനുമൊപ്പം - ചിത്രം: അരുൺ ഭാവന
 

ഭൂമിയുടെ അവകാശികളായ പലരും ഓണത്തിനകത്തേക്കു കയറാന്‍ പറ്റാതെ പുറത്ത് നില്‍ക്കുന്നുണ്ട് എന്നു ഞാന്‍ കുഞ്ഞുണ്ണിയോട് പിന്നെപ്പറഞ്ഞു. കസവുമുണ്ടി​​​​​​​​െൻറ കൂടെ ചുവപ്പാണ് ഏറ്റവും ചേരുക, എനിക്കൊരു ചുവന്ന ഷര്‍ട്ടുമതി എന്നവന്‍ സ്‌ക്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടുപറയുകയും രണ്ടുമൂന്നുടുപ്പൂകൂടി എടുക്കാന്‍ ഞാന്‍ കടയില്‍ വച്ച് അവനെ  നിര്‍ബന്ധിക്കുകയും പലപല ഷര്‍ട്ടുകള്‍ ഇട്ടുനോക്കാന്‍ അവന് വയ്യ,ബോറടിക്കുന്നു എന്നവന്‍  പറയുകയും ചെയ്തപ്പോഴായിരുന്നു ഞാനവനോട്, ഒരു പുതിയ ഉടുപ്പു കിട്ടാനെന്തു   വഴി എന്നാലോചിച്ച് തെരുവോരത്തിരിക്കുന്ന ഏതോ ഒരു കുഞ്ഞുണ്ട് എവിടെയോ എന്നു  പറഞ്ഞത്.

കാത്തിരിപ്പല്ല ഇപ്പോള്‍ ഓണം. എന്നുമുണ്ട് ഊഞ്ഞാല്‍, പായസം, പുതിയ ഉടുപ്പി​​​​​​​​െൻറ മണം. വാങ്ങിയ പൂവുകളുടെ ജമന്തിനിറവും ബന്തിനിറവും അരളിനിറവും വാടാമല്ലിനിറവും കണ്ടെനിക്ക് ചെടിക്കുന്നു. മന്ദാരപ്പൂമഞ്ഞയും കാട്ടുചെത്തിച്ചോപ്പും വെള്ളിലസൗന്ദര്യവും ചെമ്പരത്തിച്ചോപ്പും ഗന്ധരാജ​​​ൻറെ വിരിയാറായ മൊട്ടും ചേര്‍ന്ന, ആരും എടുക്കാത്ത, ഓർമയിലേക്ക്​ മനസ്സ് പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍ ചേര്‍ന്നതാണ് എ​​​​​​​​െൻറ ഓണം ആല്‍ബം.

പൂവരിഞ്ഞ്, മാവിലകള്‍ മിക്‌സിയില്‍ പൊടിച്ചുണ്ടാക്കിയ പച്ച ചേര്‍ത്ത് സ്‌കെയില്‍ വച്ച് കണക്കുകള്‍ നോക്കി പണിയുന്ന പൂക്കളങ്ങളല്ല എ​​​ൻറെ മകൻറെ ഓര്‍മ്മയിലേക്ക് ക്‌ളിക്ക് ചെയ്തു വയ്ക്കാന്‍  ഞാനാഗ്രഹിക്കുന്നത്.
അതില്‍ ശതാവരിപ്പച്ച കാണും. പപ്പടപ്പച്ചയിലയുടെ പൂ ഉതിര്‍ത്ത് അതിലേക്കു ഉമിക്കരി പൊടിച്ച് ചേര്‍ത്തു കുഴച്ചുണ്ടാക്കുന്ന കറുപ്പാണെന്റെ പൂക്കളക്കറുപ്പ്.

പൂക്കളങ്ങളില്‍ അമ്മമാരുടെ പൊട്ടത്തരങ്ങളും കുട്ടികളുടെ ചാടിയോടി - പൂക്കളം അലങ്കോലമാക്കലുകളും അവര്‍ക്കു കിട്ടുന്ന വഴക്കുകളും പിന്നെയുമൂറുന്ന ചിരിനിറങ്ങളും കാണും. എന്തെല്ലാം കറി വച്ചു, എത്ര പായസമുണ്ട് എന്നതൊന്നുമല്ല ഓണയോർമ. ഒന്നിച്ചിരുന്ന് നെയ്യുന്ന കുറേ നിമിഷങ്ങളുടെ പുളിയിഞ്ചിരസവും അപ്പോഴുതിരുന്ന സന്തോഷം കൊറിക്കലും നക്കിത്തുടച്ചെടുക്കാന്‍തോന്നുന്ന ഓര്‍മ്മപ്പായസങ്ങളും ചേര്‍ന്നതാണെ​​​​​​​​െൻറ ഓണം. അങ്ങനെയാണ് അമ്മൂമ്മയും അമ്മയും ഞങ്ങളെ പഠിപ്പിച്ചത്. ഞാന്‍ എൻറെ മകനു പകര്‍ന്നുകൊടുക്കാണമെന്നാഗ്രഹിക്കുന്ന ഓണരുചികളും അതൊക്കെത്തന്നെയാണ്.
 

Tags:    
News Summary - onam memories-priya as-onam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.