സുൽത്താൻ ബത്തേരി: ഇത്തവണ ഓണം ഓണപ്പൊട്ടനെ വീട്ടിലിരുത്തി. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഉത്തര മലബാറുകാരുടെ ഒഴിച്ചു കൂടാനാവാത്ത ആചാരമായിരുന്നു ഓണപ്പൊട്ടനെന്ന ഓണേശ്വരൻ. ചുവപ്പുടുത്ത്, കിരീടംചൂടി, മുഖത്ത് ചായം തേച്ച്, നീളൻ മുടിയും താടിയും അണിഞ്ഞ് ഓരോ വീട്ടിലുമെത്തി പ്രജകളെ കണ്ട് ഒന്നും ഉരിയാടാതെ അനുഗ്രഹം ചൊരിഞ്ഞ് സഞ്ചരിക്കുന്ന ഓണപ്പൊട്ടനാണ് ഈ മാവേലിത്തമ്പുരാൻ. വയനാട്ടിലെ അപൂർവം ചിലയിടങ്ങളിലും തിരുവോണ നാളിൽ ഓണപ്പൊട്ടൻ എത്തുമായിരുന്നു.
മലയ സമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്. ഓണപ്പൊട്ടൻ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടി ഓടിക്കൊണ്ടിരിക്കും. ദക്ഷിണയായി അരിയും പണവും ലഭിക്കും.
നാൽപത്തിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷമാണ് വേഷം കെട്ടുക. തിരുവോണ ദിവസം രാവിലെ ആറിനു വീട്ടിലുള്ളവർക്ക് അനുഗ്രഹം നൽകി മറ്റു വീടുകളിലേക്കു യാത്രയാകും. വൈകീട്ട് വീട്ടിൽ തിരിച്ചെത്തുന്നതുവരെ ആരോടും ഉരിയാടില്ല. ജില്ലയിൽ കണിയാമ്പറ്റ ചീക്കല്ലൂരിലുള്ള മലയ സമുദായത്തിൽപെട്ട കുടുംബമാണ് ഓണേശ്വരൻ വേഷം കെട്ടുന്ന ജില്ലയിലെ ഏക കുടുംബം. അവിടത്തെ ബിജുവും ജ്യേഷ്ഠൻ ബാബുവും തിരുവോണ നാളിൽ ഓണേശ്വരനായി വേഷം കെട്ടുമായിരുന്നു. ഇത്തവണ വേഷം കെട്ടുന്നില്ലെന്ന് ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.