ആലത്തൂർ: കാവശ്ശേരി കോതപുരത്ത് ഓണാഘോഷത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാവശ്ശേരി ഇരട്ടകുളം കോതപുരം കളരിക്കൽ വീട്ടിൽ രാജപ്പെൻറ മകൻ ജിതിനാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായെത്തി ഒരു സംഘം നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിൽ തിങ്കളാഴ്ചയാണ് മരിച്ചത്. ജിതിെൻറ കൂടെയുണ്ടായിരുന്ന സുജിത്ത് പരിക്കുകളോടെ ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കോതപുരത്ത് നടന്ന ഓണാഘോഷത്തിനിടെ പുറമെ നിന്ന് വന്നവർ വാക്കുതർക്കം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഘം ചേർന്ന് ആക്രമിക്കലിൽ കലാശിച്ചത്. അതേസമയം, ഉത്രാടദിനത്തിലുണ്ടായ വാക്കുതർക്കത്തിൽ ജിതിൻ ഉൾപ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. കാവശ്ശേരി ആലിങ്കൽ പറമ്പിൽ മഹേഷ് (20), സുധീഷ് (21), സതീഷ് (30), കാവശ്ശേരി മുപ്പ്പറമ്പിൽ വിനോദ് (23), ഗൗതം (19), സൻജു (21), രഞ്ജിത്ത് (19), ആലത്തൂർ മൂച്ചിക്കാട് ആഷിഖ് (23), ഇരട്ടകുളം ആനമാറി അൻഫാസ് (18), പാലക്കാട് മരുതറോഡ് സുധീഷ് (26) എന്നിവരെയാണ് ആലത്തൂർ സി.ഐ കെ.എ. എലിസബത്തിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാവശ്ശേരി പൂരത്തിനിടെയുണ്ടായ വാക്കുതർക്കത്തിലെ വൈരാഗ്യം വെച്ചാണത്രേ ഒാണാഘോഷത്തിനിടെ ഇവർ പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജിതിനെ അക്രമിച്ച സംഘത്തിൽ 20 പേർ ഉണ്ടെന്നാണ് നിഗമനം. മാരകായുധങ്ങളുമായെത്തി മുന്നറിയിപ്പില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സി.ഐ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് നാട്ടുകാർ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സി.ഐയുടെ നേതൃത്വത്തിൽ നാട്ടുകാരെ പിരിച്ചുവിട്ടാണ് രംഗം ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.