ഓണം: വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി

തിരുവനന്തപുരം: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.

‘ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധന മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂ’ എന്നും സിന്ധ്യ വ്യക്തമാക്കി. ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചുകൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.

അമിത നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണെന്നും ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധനവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രവാസികളുടെ വാർഷികാവധി സീസണിലാണ് ഇക്കുറി ഓണവുമാണെന്നതിൽ വിമാനക്കൂലി വർധന ഇരട്ട പ്രഹരമാവുകയാണ്. കേരളത്തിൽ നിന്നുള്ള മടക്കയാത്രക്ക് ശരാശരി 34,000 രൂപയാണ്. എന്നാൽ മുംബൈയിൽനിന്ന് ദുബൈയിലേക്ക് 18000 രൂപയാണ് നിരക്ക്. ഫലത്തിൽ ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്രക്കാരുടെ തിരക്ക് മുന്നിൽകണ്ടുള്ള ആകാശക്കൊള്ളയാണെന്ന് വ്യക്തമാവുകയാണ്.

Tags:    
News Summary - Onam: Center rejected Kerala's demand to control the increase in air ticket prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.