പാലക്കാട്: ഓണാവധിയും ഉത്സവവുമെത്തിയതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ കാൽ കുത്താനിടമില്ലാത്ത സ്ഥിതിയാണ്. വെള്ളിയാഴ്ച ഓഫിസും വിദ്യാലയങ്ങളും അടച്ചതോടെ നാട്ടിലെത്താൻ പെടാപ്പാട് പെടുകയാണ് യാത്രക്കാർ. അയൽസംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിക്കുന്നതിനു പകരം ഓരോ സ്ലീപ്പർ കോച്ചുകൾ മാത്രം അനുവദിച്ച് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് റെയിൽവേ.
കോവിഡിന് മുമ്പുവരെ മിക്ക ട്രെയിനുകളിലും മുന്നിലും പിന്നിലുമായി നാല് ജനറൽ കോച്ചുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് രണ്ടും മൂന്നുമായി ചുരുക്കി. ബംഗളൂരു, ചെന്നൈ, സേലം, ഈറോഡ്, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിലെ നിരവധി വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവർക്ക് നാട്ടിലെത്താൻ ആശ്രയം ട്രെയിനുകളാണ്. സ്ലീപ്പർ ടിക്കറ്റ് ലഭിക്കാത്തവർ ആശ്രയിക്കുന്നത് ജനറൽ കോച്ചുകളാണ്.
വെള്ളിയാഴ്ച മധുരയിൽനിന്ന് പുറപ്പെട്ട മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് പൊള്ളാച്ചി എത്തുമ്പോഴേക്കും ജനറൽ കോച്ച് നിറഞ്ഞുകവിഞ്ഞു. ഇതിന് സമാനമാണ് ബംഗളൂരു, ചെന്നൈ ഭാഗത്തുനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലുണ്ടായിരുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും കേരളത്തിൽനിന്നുപോലും ജനറൽ കോച്ച് മാത്രം ഉൾപ്പെടുത്തി സ്പെഷൽ സർവിസ് നടത്താറുണ്ട് റെയിൽവേ.
അതിന് സമാനമായി കേരളത്തിനകത്തും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നും ഉത്സവസമയങ്ങളിൽ ജനറൽ കോച്ച് മാത്രം ഉൾപ്പെടുത്തി സ്പെഷൽ സർവിസ് നടത്തിയാൽ യാത്രാതിരക്കിന് പരിഹാരമാവുമെന്ന് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഈ കാര്യത്തിൽ കേരളത്തിലെ ജനപ്രതിനിധികൾ തികഞ്ഞ അലംഭാവം കാണിക്കുന്നതായും ഇവർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.