അമ്പലപ്പുഴ: യുവാവിെൻറ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനാകാതെ പൊലീസ്. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ദേവസ്വം പറമ്പിൽ സുദേവൻ - സീമ ദമ്പതികളുടെ മകൻ സചിൻ ദേവാണ് (26) മരിച്ചത്. സെപ്റ്റംബർ എട്ടിന് രാത്രി കരൂർ ജങ്ഷനു സമീപം റോഡിൽ ഗുരുതര പരിക്കേറ്റ് കിടന്ന യുവാവിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവ് 11ന് ഉച്ചയോടെ മരിച്ചു.
സെപ്റ്റംബർ എട്ടിന് രാത്രിയിൽ കരൂർ, പുന്തല എന്നിവിടങ്ങളിൽ സുഹൃത്തുക്കളുടെ വിവാഹ ചടങ്ങിന് പോയതായിരുന്നു. ഇതിനുശേഷമാണ് അർധരാത്രിയോടെ പരിക്കേറ്റ നിലയിൽ സചിൻദേവിനെ കണ്ടത്. വാഹനാപകടത്തിൽ പരിക്കേറ്റതല്ല എന്നായിരുന്നു ഡോക്ടർമാരുടെയും പൊലീസിെൻറയും പ്രാഥമിക നിഗമനം. തലക്ക് പിന്നിലും കൈക്കും കാലിനുമാണ് ഗുരുതര പരിക്ക്.
പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മരണം. പോസ്റ്റ്മോർട്ടത്തിലാണ് വാഹനാപകടമാണെന്ന് സ്ഥിരീകരിച്ചത് .തുടർന്ന് പൊലീസ് അപകടം നടന്ന സ്ഥലത്തിനു സമീപത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യുവാവ് നടന്നുപോകുന്ന ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. മൂന്ന് വാഹനങ്ങളെക്കുറിച്ച് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വാഹനം കണ്ടെത്താൻ പൊലീസ് തയാറാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അടുത്ത ദിവസം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.