കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ വധിച്ച കേസിൽ പ്രതികളെ സഹായിച്ച രണ്ടുപേർകൂടി അറസ്റ്റിൽ. എസ്.ഡി.പി.ഐ പ്രവർത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദിനെയും മറ്റുള്ളവരെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 15 പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കരുതുന്നത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഇല്ലാത്തവരാണ് നവാസും ജെഫ്രിയും. അതേസമയം, കൊലയാളികളെ ഇരുവരും സഹായിച്ചിരുന്നതായാണ് വിവരം. സംഭവം നടക്കുമ്പോൾ ഇവർ കോളജിന് സമീപമുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. എറണാകുളം നെട്ടൂരില്‍നിന്ന് ഒളിവില്‍ പോയ ആറുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിപ്പട്ടികയിലുണ്ടെന്ന് കരുതുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ശ്രമമുണ്ട്.
മുഹമ്മദ് ഉൾപ്പെടെ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക നിരീക്ഷണം. ലുക്കൗട്ട് നോട്ടീസിനുള്ള നടപടികളും ആരംഭിച്ചു.
ഇടുക്കി വട്ടവടയിലായിരുന്ന അഭിമന്യുവിന് സംഭവദിവസം നിരന്തരം ഫോൺവിളികൾ വന്നിരുന്നതായി സഹോദരൻ ഉൾപ്പെടെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോളജ് വിദ്യാർഥിതന്നെയാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് കാണിച്ചുകൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് തന്നെയാണോ അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തി കൊലയാളി സംഘത്തിന് കാണിച്ചുകൊടുത്തതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇക്കാര്യം മുഹമ്മദിനെ പിടികൂടി ചോദ്യം ചെയ്തെങ്കിലേ സ്ഥിരീകരിക്കാനാകൂ.
സംഭവസമയം കോളജിലെത്തിയതും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും ജില്ലയിലെ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ജില്ലയിലെ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഫോൺവിളികളും പരിശോധിക്കുന്നുണ്ട്. കൈവെട്ട് കേസിൽ ഉൾപ്പെട്ടയാളും സംഘത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനിടെ, മുഹമ്മദ് ഉൾപ്പെടെ പലരുടെയും വീടുകൾ പൂട്ടിയിട്ട നിലയിലാണ്.
അഭിമന്യുവിൻെറ കുടുംബത്തിന് സഹായം
കൊച്ചി: അഭിമന്യുവിെൻറ കുടുംബത്തെ സഹായിക്കാൻ സി.പി.എം എറണാകുളം ജില്ല കമ്മിറ്റി ആരംഭിച്ച ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം. മൂവാറ്റുപുഴ നിർമല കോളജിലെ എസ്.എഫ്.ഐയുടെ മുൻകാല പ്രവർത്തകൻ അഞ്ചു ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. സംവിധായകൻ ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വിദേശത്തുള്ള ഇരുവരും ഫേസ്ബുക്കിലൂടെ ഫണ്ട് സമാഹരണം അറിഞ്ഞ് സഹകരണം ഉറപ്പാക്കുകയായിരുെന്നന്ന് സി.പി.എം എറണാകുളം ജില്ല മുൻ സെക്രട്ടറിയും ‘ദേശാഭിമാനി’ ചീഫ് എഡിറ്ററുമായ പി. രാജീവ് ഫേസ്ബുക്കിൽ അറിയിച്ചു. നേരത്തേ, കഥാകാരന്‍ ടി. പത്മനാഭന്‍ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു.
വർഗീയ സ്വഭാവമുള്ള വിദ്യാർഥി സംഘടനകളെ നിരോധിക്കണം -ജസ്റ്റിസ് െകമാൽ പാഷ
കായംകുളം: വർഗീയ സ്വഭാവമുള്ള വിദ്യാർഥി സംഘടനകളെ കലാലയങ്ങളിൽ നിരോധിക്കണമെന്ന് ജസ്റ്റിസ് െകമാൽ പാഷ. കായംകുളം മുസ്ലിം വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കലും സിവിൽ സർവിസ് മോട്ടിവേഷൻ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാതൃപ്രസ്ഥാനങ്ങൾക്ക് വിദ്യാർഥി സംഘടനകളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നിരോധിക്കുന്നതാണ് നല്ലത്. മഹാരാജാസിലെ അഭിമന്യുവിെൻറ കൊലപാതകം മുസ്ലിം സമുദായത്തിന് അപമാനകരമാണ്. ഇസ്ലാമിക വിശ്വാസം വെച്ചുപുലർത്തുന്നവർക്ക് ഒരാളെയും കൊല്ലാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.