പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നാല് മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരുവർഷം പിന്നിട്ടിട്ടും ബാലിസ്റ്റിക് റിപ്പോർട്ട് സമർപ്പിച്ചില്ല.
ഫോറൻസിക് സയൻസ് ലാബിൽനിന്ന് ലഭിക്കേണ്ട റിപ്പോർട്ട് ലഭ്യമല്ലാത്തതിനാൽ പാലക്കാട് ജില്ല കലക്ടറുടെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടും നൽകിയിട്ടില്ല. േഫാറൻസിക് തെളിവെടുപ്പ് വൈകുന്നതിനാൽ വെടിവെപ്പുമായി ബന്ധപ്പെട്ട്, ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ അന്വേഷണം ഇഴയുകയാണ്.
കഴിഞ്ഞവർഷം ഒക്ടോബർ 28നാണ് മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നീ മാവോവാദി പ്രവർത്തകർ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട ദീപക്, ശോഭ എന്നിവരെ തമിഴ്നാട് പൊലീസ് പിന്നീട് പിടികൂടിയിരുന്നു. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാണിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആദ്യം പാലക്കാട് സെഷൻസ് കോടതിയിലും തുടർന്ന് ഹൈകോടതിയിലും ഹരജി നൽകിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം സെഷൻസ് കോടതി മേൽനോട്ടത്തിൽ വേണമെന്ന് കോടതി ഉത്തരവിട്ടു. 2019 നവംബർ ആറിനാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ, ജില്ല കലക്ടറെ ചുമതലപ്പെടുത്തിയത്.
വെടിവെപ്പ് നടന്ന് ഒരു വർഷമാകാറായിട്ടും മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ബാലിസ്റ്റിക് അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.