തിരുവനന്തപുരം: സവാളയും ഉള്ളിയുമടക്കമുള്ളവയുടെ വില കുതിക്കുേമ്പാഴും സംസ്ഥാനത്തെ വില നിയന്ത്രണ അതോറിറ്റി നോക്കുകുത്തിയായി തുടരുന്നു. ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയെ തുടർന്നുള്ള ക്ഷാമം മുൻകൂട്ടി കാണുന്നതിലും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിലും സംസ്ഥാന വിലനിയന്ത്രണ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന നിഗമനം സർക്കാർ തലത്തിലുമുണ്ട്. ഉത്തരേന്ത്യയിലെ സ്ഥിതി സംസ്ഥാന സർക്കാറിനെയും ഭക്ഷ്യവകുപ്പിനെയും ബോധ്യപ്പെടുത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടാവുകയും ചെയ്തു.
സംസ്ഥാനത്ത് സവാള വില 50 കടന്നെന്ന മാധ്യമ വാർത്തകൾ പുറത്തുവന്നപ്പോഴാണ് ഭക്ഷ്യവകുപ്പ് ഉണർന്നതുതന്നെ. തുടർന്ന്, ഭക്ഷ്യമന്ത്രി ഇടപെട്ടാണ് മൂന്ന് സപ്ലൈകോ മാനേജർമാരെ അടിയന്തരമായി നാസിക്കിൽ അയച്ച് 40 ടൺ സവാള വെള്ളിയാഴ്ചയോടെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
2017ൽ ഉത്തരേന്ത്യയിലെ കൊടിയവരൾച്ച മൂലം അരി വില കുതിച്ചുകയറിയപ്പോഴാണ് സംസ്ഥാന വിലനിയന്ത്രണ അതോറിറ്റിയെ പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷ്യവകുപ്പിനോട് നിർദേശിച്ചത്. തുടർന്ന്, ഭക്ഷ്യസെക്രട്ടറി ചെയർമാനും സിവിൽ സപ്ലൈസ് ഡയറക്ടർ കൺവീനറുമായ 15 അംഗ വിദഗ്ധസമിതി രൂപവത്കരിച്ചു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ കാർഷികവകുപ്പ്, കൃഷിവകുപ്പിന് കീഴിലുള്ള വേൾഡ് ട്രേഡ് ഓർഗനൈസേഷൻ സെൽ, ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ഭൗമശാസ്ത്ര വകുപ്പ്, ഐ.ടി മിഷൻ തുടങ്ങിയവയുടെ പ്രതിനിധികളെയാണ് വില നിയന്ത്രണ അതോറിറ്റിയിൽ ഉൾപ്പെടുത്തിയത്.
മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം, കൃഷി, ചരക്കുനീക്കം എന്നിവ നിരീക്ഷിക്കുക, വിലക്കയറ്റം ഉണ്ടായാൽ സാധനങ്ങളുടെ വിലനിയന്ത്രണത്തിനുവേണ്ട പദ്ധതികൾ തയാറാക്കുക, പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക വിലയിരുത്തുക, വിലകൂടിയതും കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയാറാക്കുക, മൂന്നുമാസത്തിനിടയിൽ വിപണിയിൽ സംഭവിക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുക തുടങ്ങിയ ചുമതലകളാണ് അതോറിറ്റിക്കുള്ളത്. എന്നാൽ, ഭക്ഷ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ നാല് യോഗങ്ങൾ ചേർന്നതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. നേരത്തേ ഭക്ഷ്യവസ്തുക്കളുടെ വില സംബന്ധിച്ച് ദൈനംദിന റിപ്പോർട്ട് ഉദ്യോഗസ്ഥർ നൽകുമായിരുന്നു. പുനഃസംഘടനയോടെ അതും നിലച്ചു.
സെല്ലിെൻറ ഘടന, പ്രവർത്തനം എന്നിവ സംബന്ധിച്ച രൂപരേഖയും പൂർത്തിയായിട്ടില്ല. കാലാവസ്ഥ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്താതിരുന്നതും വിനയായി. പ്രളയക്കെടുതിയടക്കമുള്ളവ മുൻകൂട്ടി മനസ്സിലാക്കുന്നതിന് ഇത് തടസ്സമാകുന്നുണ്ട്. കർണാടക, തെലുങ്കാന, ആന്ധ്ര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ വിലനിയന്ത്രണ അതോറിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണ് കേരളത്തിൽ അതോറിറ്റിയുടെ പ്രവർത്തനംതന്നെ കുത്തഴിഞ്ഞ നിലയിൽ തുടരുന്നത്.
സവാള വില കുറക്കുന്നതിന് നടപടികൾ തുടരുമ്പോഴും മറുഭാഗത്ത് ചെറിയ ഉള്ളിയുടെ വിലയും കുത്തനെ ഉയരുകയാണ്. നിലവിൽ തിരുവനന്തപുരത്ത് ഒരു കിലോ ചെറിയ ഉള്ളിക്ക് 64 രൂപയാണ്.
സംസ്ഥാന വിലനിയന്ത്രണ അതോറിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിലനിയന്ത്രണത്തിന് കാര്യമായ ഇടപെടൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.