തൃശൂർ: സർക്കാർ-കോടതി ഉത്തരവുകൾ നിരവധിയുണ്ടായിട്ടും മൂന്നുവർഷം നീട്ടിക്കൊണ്ടുപോയ പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള പൊതു സ്ഥലംമാറ്റത്തിന് ഒടുവിൽ അംഗീകാരം. സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും അപേക്ഷ ക്ഷണിച്ചും പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
വകുപ്പിന് കീഴിലുള്ള ഓഫിസുകളില്‍ ക്ലര്‍ക്ക്, ടൈപിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ജോലിനോക്കുന്നവർക്ക് ഓണ്‍ലൈന്‍ മുഖേന 2020 വര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാമെന്ന് ഉത്തരവിൽ പറയുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന വിദ്യാഭ്യാസവകുപ്പിലെ ഏക അംഗീകൃത സംഘടനയായ കേരള വിദ്യാഭ്യാസവകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ (കെ.ഇ.ഡി.എം.എസ്.യു) കഴിഞ്ഞ ജൂണിൽ കോടതിയലക്ഷ്യം ഫയൽ ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.
സർക്കാർ ജീവനക്കാരുടെ സ്ഥലമാറ്റം ഓൺലൈൻ മുഖേന നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2017ൽ ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസവകുപ്പിൽ നടപ്പാക്കിയിരുന്നില്ല. ഇതേത്തുടർന്ന് കെ.ഇ.ഡി.എം.എസ്.യു കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാൻ 2019 മേയ് 30ന് അനുകൂലവിധി നേടിയെങ്കിലും നടപ്പാക്കിയില്ല.
തുടർന്നാണ് സംഘടന ട്രൈബ്യൂണലിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്. പൊതു സ്ഥലംമാറ്റ വിജ്ഞാപനം പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ഔദ്യോഗിക വെബ്സൈറ്റായ www.education.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 27.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.