എകരൂൽ (കോഴിക്കോട്): ആപ്പിൾ ഐ ഫോൺ നിർമാതാക്കളായ തായ്വാനിലെ ഫോക്സ് കോൺ കമ്പനിയുടെ ഇന്ത്യയിലെ ഉൽപാദന ഫാക്ടറിയുടേതെന്ന വ്യാജേന വൻതുക ലാഭം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ച നിരവധി മലയാളികൾക്ക് ലക്ഷങ്ങൾ നഷ്ടമായി. മുടക്കുമുതലിനനുസരിച്ച് പ്രതിദിന ലാഭമായി 200 രൂപ മുതൽ ലക്ഷങ്ങൾ വരെ ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച ആയിരക്കണക്കിന് ആളുകളാണ് വൻതുക നിക്ഷേപിച്ച് വെട്ടിലായത്.
കമ്പനിയുടെ ഒന്നാം വാർഷികം എന്ന പേരിലാണ് നിക്ഷേപകർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തെ കാലാവധിയിൽ 50,000 രൂപ നിക്ഷേപിക്കുന്നവർക്ക് പ്രതിദിനം 5000 രൂപ ലാഭവും ഏഴാം ദിവസം നിക്ഷേപ സംഖ്യയും തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. ആദ്യമാദ്യം നിക്ഷേപിക്കുന്നവർക്ക് വാഗ്ദാനം ചെയ്ത ലാഭം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താണ് നിക്ഷേപകരുടെ വിശ്വാസം നേടിയത്. ആദ്യം ചെറിയ തുക നൽകിയ നിക്ഷേപകർ ലാഭവിഹിതം കൃത്യമായി ലഭിച്ചതിനെ തുടർന്ന് വലിയ സംഖ്യ നിക്ഷേപിച്ചതോടെയാണ് വെട്ടിലായത്.
നിക്ഷേപകരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി ലാഭവിഹിതമായി പണം ലഭിച്ച നിക്ഷേപകരോട് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ഇടാൻ നിർബന്ധിച്ചാണ് വിശ്വാസ്യത നേടുന്നത്. ലക്ഷങ്ങൾ ലാഭവിഹിതം ലഭിക്കുന്നവരുടെ സ്ക്രീൻഷോട്ട് കാണുമ്പോൾ വൻ ലാഭം പ്രതീക്ഷിച്ച മറ്റുള്ളവർക്കും വലിയ സംഖ്യ നിക്ഷേപിക്കാൻ പ്രേരണയായി. ഓൺലൈൻ സേവന ദാതാവ് എന്ന് അവകാശപ്പെട്ട് ഫോക്സ് കോൺ തമിഴ്നാട് ഓഫിസിലെ റീജനൽ മാനേജറുടെ ശബ്ദസന്ദേശം എന്ന വ്യാജേനയാണ് ആപ്ലിക്കേഷനിൽ ആദ്യ പരസ്യവാചകം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇലക്ട്രോണിക്സ് രംഗത്ത് സേവനം ചെയ്യുന്ന അന്താരാഷ്ട്ര കമ്പനിയാണ് ഫോക്സ് കോൺ എന്ന് ഹിന്ദി ഭാഷയിൽ പറയുന്ന വിഡിയോയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നൽകിയിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപ നിക്ഷേപകരിൽനിന്ന് കൈക്കലാക്കി തട്ടിപ്പ് നടത്തിയ കമ്പനിയുടെ മൊബൈൽ ആപ് അടച്ചുപൂട്ടിയതോടെ പണം മുടക്കിയവർ വെട്ടിലായി.കച്ചവടത്തിൽ നഷ്ടം സംഭവിക്കുകയും ചിലർ വെട്ടിപ്പ് നടത്തുകയും ചെയ്തതിനാലാണ് അടച്ചുപൂട്ടാൻ നിർബന്ധിതരായതെന്നാണ് നിക്ഷേപകരുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ കമ്പനി നൽകിയ വിശദീകരണം. പ്രധാനമന്ത്രിയുടെ ചിത്രംസഹിതം പരസ്യം നൽകി അന്താരാഷ്ട്ര കമ്പനി എന്ന രൂപത്തിൽ അവതരിപ്പിച്ചതിനാലാണ് കൂടുതൽ പേർ തട്ടിപ്പിൽ കുടുങ്ങിയത്.
ദിനംപ്രതി 10 ശതമാനം ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. വാഗ്ദാനം ചെയ്ത ലാഭവിഹിതം നിക്ഷേപകർക്ക് നൽകി വിശ്വാസം പിടിച്ചുപറ്റുകയും തുടർ ദിവസങ്ങളിൽ 20,000, 30,000, 1,00,000 തുടങ്ങിയ സംഖ്യകൾ ഒരാഴ്ച കാലാവധിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. നിക്ഷേപകരെ ഓൺലൈനിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നവർക്കും നിക്ഷേപത്തിന്റെ അഞ്ചുശതമാനം കമീഷൻ കമ്പനി വാഗ്ദാനം ചെയ്തിരുന്നു.
വൻ തുക ലഭിക്കുന്നതോടെ ഓൺലൈൻ ആപ്ലിക്കേഷൻ അടച്ചുപൂട്ടുകയും വാട്സ്ആപ് ഗ്രൂപ് ഒഴിവാക്കി മുങ്ങുകയുമാണ് ഇവരുടെ രീതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിനുപേരാണ് തട്ടിപ്പിനിരയായതായി സംശയിക്കുന്നത്. ഉണ്ണികുളം പഞ്ചായത്തിൽ മാത്രം 1200ഓളം പേർക്ക് ലക്ഷങ്ങൾ നഷ്ടമായി. മാനഹാനി ഭയന്ന് ആരും പുറത്തുപറയാതിരിക്കുന്നതാണ് തട്ടിപ്പുകാർക്ക് വളമാകുന്നത്. വിവിധ ബാങ്കുകളിലുള്ള നിരവധി സ്ഥാപനങ്ങളുടെ പേരിൽ തുടങ്ങിയ യു.പി.ഐ ഐ.ഡികളിലേക്കാണ് നിക്ഷേപകരുടെ പണം ട്രാൻസ്ഫറാകുന്നത്. പശ്ചിമബംഗാളിലെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് സൃഷ്ടിച്ച വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. നിക്ഷേപിച്ച മലയാളികളെ ഗ്രൂപ് അഡ്മിനാക്കി വിശ്വാസം നേടാനും കമ്പനി ശ്രമിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ നിക്ഷേപകരാണ് ആദ്യ ഗ്രൂപ്പിൽ തട്ടിപ്പിനിരയായവർ. ഈ ഗ്രൂപ്പിൽ കോഴിക്കോട് ജില്ലക്കാരായ നിക്ഷേപകർക്കാണ് കൂടുതൽ തുക നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.