തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും പണം തട്ടുന്ന പരാതികൾ കൂടുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നും പാർട്ട് ടൈം, മുഴുവൻ സമയ ജോലിയും മറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഓൺലൈൻ വ്യാപാരങ്ങളിലൂടെയും, ഓൺലൈൻ നിക്ഷേപങ്ങളിലൂടെയും പണം സമ്പാദിക്കാമെന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ സ്വീകരിക്കുന്ന മറ്റൊരു വഴി.
ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം പടിഞ്ഞാറേകോട്ട സ്വദേശിനിക്ക് 37 ലക്ഷം രൂപ നഷ്ടമായത് കഴിഞ്ഞ ദിവസമാണ്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാമെന്ന പരസ്യത്തിലാണ് ഈ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നുതുടങ്ങി. ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടുമെന്ന് ഗ്രൂപ്പിലെ അംഗങ്ങൾ പ്രചരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു. ഇത് വിശ്വസിച്ച യുവതി അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ബാങ്കിൽനിന്ന് പിൻവലിച്ചും സുഹൃത്തിൽനിന്ന് കടംവാങ്ങിയും ലക്ഷങ്ങൾ അയച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സമാന തട്ടിപ്പിന് ഇരയായ തിരുവനന്തപരേം പോങ്ങുംമൂട് സ്വദേശിനിയുടെ 9.5 ലക്ഷം രൂപയാണ് നഷ്ടമായത്.
തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരുമാസത്തിനിടെ 1.37 കോടി രൂപ ഓൺലൈൻ യട്ടിപ്പിലൂടെ നഷ്ടമായി. സംസ്ഥാനത്തകമാനം നാല് കോടി രൂപയാണ് ഒരു മാസത്തിനിടെ നഷ്ടമായത്. ഇതുസംബന്ധിച്ച് 300ലധികം പരാതി ലഭിച്ചു. ഓൺലൈൻ തട്ടിപ്പ് വ്യാപകമായതോടെ സംസ്ഥാന പൊലീസ് മീഡിയ സെന്‍റർ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചു.
ആദ്യഘട്ടത്തിൽ ചെറിയ ജോലിയും അവ പൂർത്തിയാകുന്ന മുറക്ക് പണവും നൽകും. പിന്നീട് കൂടുതൽ ജോലി ലഭിക്കാൻ ചെറിയതുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. പുതിയ ജോലി പൂർത്തിയാകുന്ന മുറക്ക് കൂടുതൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിക്കും. ഓൺലൈൻ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം എന്ന നിലക്ക് വെർച്ച്വൽ വാലറ്റുകളിൽ തുകയായോ പോയന്‍റായോ കാണിച്ച് വിശ്വാസം നേടും. ഇത് പിൻവലിക്കുന്നതിന് കൂടുതൽ നിക്ഷേപം ആവശ്യപ്പെടും. ഇതിൽ ആകൃഷ്ടരായി വലിയതുക നിക്ഷേപിച്ചാലും അത് പിൻവലിക്കാനാകില്ല. പിന്നീടാണിയ് മനസിലാവുക.
പണം നിക്ഷേപിച്ച് ജോലി തരുമെന്ന ഓൺലൈൻ വാഗ്ദാനങ്ങൾ ങൾ വിശ്വസിക്കരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്. അത്തരം വാഗ്ദാനങ്ങൾ വ്യാജമായിരിക്കും. ഓൺലൈൻ ജോലിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുമ്പ് പൊലീസിന്‍റെ സൈബർ ഹെൽപ്ലൈൻ നമ്പറായ 1930ൽ വിളിച്ച് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും സംസ്ഥാന പൊലീസ് മീഡിയ സെന്‍റർ പറയുന്നു.
കഴിഞ്ഞയാഴ്ച എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്ന് നാല്‍പതിനായിരം രൂപ തട്ടിയെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നതായും പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെയുള്ള സാമ്പത്തിക ഇടപാട് ഒഴിവാക്കണമെന്നും വ്യാജ കോളുകൾ ലഭിച്ചാൽ പൊലീസ് സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.