തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ പോക്കുവരവ് അവതാളത്തിൽ. വസ്തുകൈമാറ്റം രജിസ്റ്റർ ചെയ്തശേഷം പോക്കുവരവ് ചെയ്ത് ഭൂനികുതി അടയ്ക്കുന്നതിനാണ് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് ഭൂനികുതി അടയ്ക്കുന്നതിന് തൊണ്ണൂറായിരത്തോളം പോക്കുവരവ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വസ്തു കൈമാറ്റം ചെയ്ത് രജിസ്റ്റർ ചെയ്താൽ പോക്കുവരവ് ചെയ്ത് നൽകുന്നതിന് 30 ദിവസം സമയപരിധി ഉണ്ടായിരുന്നത് 2015 ജനുവരി 21ന് റവന്യൂ ഇ-വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം റദ്ദാക്കിയിരുന്നു. എന്നാൽ, ഇപ്പോഴും മിക്ക വില്ലേജ് ഒാഫിസുകളിലും 30 ദിവസം കഴിഞ്ഞേ പോക്കുവരവ് ചെയ്ത് നൽകാൻ കഴിയൂ എന്ന് ശാഠ്യം പിടിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോക്കുവരവ് അപേക്ഷകൾ തീർപ്പാക്കാനുള്ളത്. തൊട്ടടുത്ത് തിരുവനന്തപുരമാണ്. ഏറ്റവും കുറവ് തൃശൂർ ജില്ലയിലാണ്. ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യാൻ ഏൽപിച്ച ഡി.ടി.പി വർക്കർമാർക്ക് റവന്യൂ സംബന്ധമായ പ്രാഥമിക വിവരം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതാണ് പല തെറ്റുകൾക്കും കാരണമെന്ന് വില്ലേജ് ഒാഫിസർമാർ പറയുന്നു.
സംസ്ഥാനത്ത് ഗ്രൂപ് വില്ലേജുകൾ ഉൾപ്പെടെ 1664 വില്ലേജ് ഒാഫിസിലും പോക്കുവരവ് നടത്തുന്നതിന് വിവിധ മാർഗങ്ങളാണ് വില്ലേജ് ഒാഫിസർമാർ അവലംബിക്കുന്നത്. ഡിജിറ്റലൈസ് ചെയ്ത ഭൂരേഖകളിലെ തെറ്റുകൾ തിരുത്തുന്നതിനായി മെച്ചപ്പെട്ട സംഘത്തെ നിയോഗിക്കുന്നതിനൊപ്പം വില്ലേജ് ജീവനക്കാർക്ക് നിർബന്ധിത പരിശീലനവും നൽകിയാലേ പോക്കുവര് ചെയ്യുന്നതിെൻറ പരാതികളും കാലതാമസവും പരിഹരിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.