പുനരധിവാസത്തിന്റെ അസ്ഥികൂടങ്ങൾ മാത്രം അവശേഷിക്കുന്ന വരടിമല

കോഴിക്കോട്: പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച അട്ടപ്പാടിയിലെ വരടിമല ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ അവശേഷിക്കുന്നത് പഴയ ജീവിതത്തിന്റെ അസ്ഥികൂടങ്ങൾ മാത്രം. കേന്ദ്ര സർക്കാർ അട്ടപ്പാടിയിലെ ഭൂരഹിതരായ അടിമതുല്യം ജീവിക്കുന്ന ആദിവാസികളുടെ പുനരധിവാസത്തിനായി അനുവദിച്ച നിക്ഷിപ്ത വനഭൂമിയാണ് വരടിമല. 1975 കാലത്ത് അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ ഭാഗമായി വരടിമല ഫാമിൽ 120 ഭൂരഹിത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരുന്നു. 1980 കളിൽ താമസിച്ചു ആദിവാസികൾ കൃഷി ചെയ്തു ജീവിച്ചു വന്ന വരടിമല ആദിവാസി ഗ്രാമം ഇന്നില്ല. 


1975ൽ ആദിവാസി പുനരധിവാസം നടത്തുന്ന സമയത്ത് വീട്, തൊഴിൽ, അംഗൻവാടി, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വരടിമലയിൽ ഒരുക്കിയിരുന്നു. അതിന്റെ അവശേഷിപ്പുകൾ മാത്രമാണ് ഇന്ന് വരടിമലയിലുള്ളത്. പുനരധിവാസ കേന്ദ്രത്തിൽ കുടുംബങ്ങൾക്ക് 120 വീടുകൾ പണിതു കൊടുത്തിരുന്നുവെങ്കിലും അതെല്ലാം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ കാലക്രമേണ വാസയോഗ്യമല്ലാതായി.

ഫാമിങ് സൊസൈറ്റി വരടിമലയിലെ 725 ഏക്കർ ഭൂമിയിൽ 175 ഏക്കറിൽ ഏലം കൃഷിയും 75 ഏക്കറിൽ കാപ്പി കൃഷിയും ചെയ്തിരുന്നു. ഫാമിങ് സൊസൈറ്റിയിലെയും പട്ടിക വർഗ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം പുനരധിവാസ കേന്ദ്രം ക്രമേണ തകർന്നു. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച പൂർണമായതോടെ ആദിവാസി കുടുംബങ്ങൾ ക്രമേണ വരിമലയിലെ പുനരധിവാസകേന്ദ്രത്തിന്‍റെ പടികളിറങ്ങി.

കാർഷിക മേഖല വികസിക്കുമ്പോൾ ആദിവാസികൾക്ക് ഒരു കുടുബത്തിന് അഞ്ച്​ ഏക്കർ കൃഷിഭൂമി നൽകാമെന്നായിരുന്നു വ്യവസ്ഥ. അതൊന്നും പട്ടികവർഗ വകുപ്പ് പാലിച്ചില്ല. ടി. മാധവമേനോന്‍റെ റിപ്പോർട്ടിന്റെ അടസ്ഥാനത്തിലാണ് നിക്ഷിപ്ത വനഭൂമിയിൽ പുനരധിവാസത്തിന് കേന്ദ്രാനുമതി ലഭിച്ചത്. വരടിമലയിലെ പ്രവർത്തനങ്ങൾ നടത്തുന്നത് പട്ടികവർഗ ഡയറക്ടറേറ്റ് നേരിട്ടായിരുന്നു.

ഫാമിങ് സൊസൈറ്റിക്ക് കീഴിൽ ചിണ്ടക്കി, കരുവാര, പോത്തുപ്പാടി, വരടിമല എന്നീ ഫാമുകളാണ് ആരംഭിച്ചത്. അതിൽ ആദ്യത്തെ മൂന്ന് ഫാമിലേയും ഭൂമിക്ക് ആദിവാസികൾക്ക് പട്ടയം അനുവദിച്ചിരുന്നു. ആദിവാസി കുടുംബത്തിന് അഞ്ചേക്കർ ഭൂമിയുടെ പട്ടയമാണ് നൽകിയത്. വരടിമല ഫാമിൽ ആദിവാസികളെ പുനരധിവസിപ്പിച്ചെങ്കിലും അവിടുത്തെ ഭൂമിക്ക് പട്ടയം നൽകിയിരുന്നില്ല.

അട്ടപ്പാടിയിൽ പട്ടികവർഗവകുപ്പും ഫാമിങ് സൊസൈറ്റിയും ചേർന്ന് വൻതട്ടിപ്പ് നടത്തുവെന്നാണ് ആദിവാസികളുടെ ആക്ഷേപം. പ്രതിവർഷം ഒരു കോടി ഫാമിങ് സൊസൈറ്റിക്ക് നൽകിയിട്ടും ഫാമുകൾ ഇപ്പോഴും നഷ്ടത്തിലാണ്. വരടിമല ഉൾപ്പെടെ സഹരണസംഘത്തിന്‍റെ കീഴിലുള്ള എല്ലാ ഫാമുകളിൽകൂടി പുനരധിവാസത്തിനായി 1975 കാലത്ത് അരക്കോടിയിലധികം രൂപ ചെലവഴിച്ചു. പ്രവർത്തന മൂലധനമായി പാലക്കാട് ജില്ലാ കോപറേറ്റീവ് ബാങ്കിൽനിന്ന് 5.99 ലക്ഷം രൂപ പുനരധിവാസ സമയത്ത് ചെലവഴിച്ചു. അതെല്ലാം പാഴായി.


ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകാൻ ധാരണാപത്രം ഒപ്പിട്ടതിനെതിരെ ആദിവാസികൾ രംഗത്തുവന്നിരുന്നു. തുടർന്ന് ഹൈകോടതി ഇടപെട്ടതോടെയാണ് സൊസൈറ്റി കരാർ റദ്ദുചെയ്തത്. കടുത്ത ദാരിദ്ര്യം നേരിടുന്ന  ആദിവാസി സമൂഹത്തിന് വരടിമലയിൽ സ്വയംപര്യാപ്ത ഗ്രാമം ഒരുക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. 

Tags:    
News Summary - Only the skeletons of the resettlement remain Varadimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.