കൊല്ലം: ജനസേവനമെന്ന പൊതുപ്രവർത്തകന്റെ നിയോഗം പൂർത്തിയാക്കി ഉമ്മൻ ചാണ്ടി മടങ്ങുമ്പോൾ കൊല്ലവും കണ്ണീരണിയുന്നു. ജനസമ്പർക്ക പരിപാടികളടക്കം അധികാരത്തിലിരുന്നപ്പോൾ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും അധികാരത്തിൽനിന്ന് അകലെ നിന്നപ്പോഴുണ്ടായ ജനകീയ ഇടപെടലുകളും ഏറെയാണ്. മുഖ്യമന്ത്രിയായിരിക്കെ, ജില്ലയുടെ വികസന പദ്ധതികൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കാനും നിയമസഭക്കകത്തും പുറത്തും എം.എൽ.എമാരടക്കം ജനപ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളധികവും പരിഗണിക്കാനും അദ്ദേഹം തയാറായി.
റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി സമുച്ചയങ്ങൾ തുടങ്ങി വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹത്തിന്റെ ഭരണകാലത്ത് അംഗീകാരം ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയ പല പദ്ധതികൾക്കും സർക്കാറിന്റെ പിന്തുണ കിട്ടി. കൊല്ലം നഗരത്തിൽ വലിയ ഗതാഗതാക്കുരുക്ക് സൃഷ്ടിച്ചിരുന്ന ഇരുമ്പുപാലത്തിന് സമാന്തരപാലം പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. തിരുവനന്തപുരം-ഷൊർണൂർ കൊല്ലം ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ നവീകരണത്തിനുള്ള പദ്ധതികളും നടപ്പാക്കി. പ്രാചീന തുറമുഖ നഗരമെന്ന പെരുമയുണ്ടായിരുന്ന കൊല്ലത്ത് വാണിജ്യ തുറമുഖം സജ്ജമാക്കുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. തീരദേശമേഖലയിലും മത്സ്യമേഖലയിലും ലക്ഷങ്ങളുടെ വികസന പദ്ധതികളാണ് ഉമ്മൻ ചാണ്ടി സർക്കാറുകളുടെ കാലത്ത് നടന്നത്. അതുകൊണ്ടുതന്നെ തീരദേശമേഖലയിൽ തെരഞ്ഞെടുപ്പ് വേളകളിലടക്കം വലിയ സ്വീകാര്യത നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം തീരത്ത് അദ്ദേഹം നടത്തിയ റോഡ് ഷോ പ്രദേശവാസികളുടെ മനസ്സിൽ വലിയ ആവേശമായി ഇന്നുമുണ്ട്. കൊല്ലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഇപ്പോഴത്തെ കെ.പി.സി.സി സെക്രട്ടറി സൂരജ് രവിക്കുവേണ്ടിയായിരുന്നു പ്രചാരണം. പൊതുയോഗത്തിലെ പ്രസംഗമാണ് സ്ഥാനാർഥി പ്രതീക്ഷിച്ചതെങ്കിലും ഒന്നമണിക്കൂറോളം സമയമെടുത്ത് വാടിമേഖലയിലടക്കം ഉമ്മൻചാണ്ടി ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്തു, വോട്ടഭ്യർഥിച്ചു.
കോൺഗ്രസിലെ ഗ്രൂപ് രാഷ്ട്രീയം ശക്തമായിരുന്ന ജില്ലയിൽ ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നത് ഗ്രൂപ്പുകൾക്കതീതമായ സ്വീകാര്യതയായിരുന്നു. ഉമ്മൻ ചാണ്ടി പങ്കെടുക്കുന്ന പരിപാടികളിൽ ഗ്രൂപ് ഭേദമെന്യേ നേതാക്കളും പ്രവർത്തകരുമെത്തി. ജില്ല കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പാർട്ടിയുടെയും പോഷകസംഘടനകളുടെയും നിരവധി പരിപാടികളിൽ ഉദ്ഘാടകനായി അദ്ദേഹം കടന്നുവന്നു. സംഘാടകരുടെ ഗ്രൂപ്പുകൾ, ഉദ്ഘാടകനായി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കുന്നതിന് തടസ്സമായില്ല. പ്രസംഗങ്ങളിൽ ഗ്രൂപ് രാഷ്ട്രീയത്തിന്റെ മുനവെച്ച പ്രയോഗങ്ങൾ ‘ഒ.സി’യിൽ നിന്ന് ഉണ്ടായതുമില്ല. മൺമറഞ്ഞ നേതാക്കളുടെ അനുസ്മരണ പരിപാടികൾ, എത്ര ചെറിയ പരിപാടിയായിരുന്നാൽ പോലും തിരുവനന്തപുരത്തുനിന്നോ കോട്ടയത്തു നിന്നോ അദ്ദേഹം കൃത്യമായി എത്തിയിരുന്നു. ഡി.സി.സി ഓഫിസിലെ സമ്മേളന ഹാൾ നിറഞ്ഞുകവിയുന്നവിധം പ്രവർത്തകരുടെ സാന്നിധ്യവും ഉമ്മൻ ചാണ്ടി പങ്കെടുത്ത പരിപാടികൾക്കുണ്ടായി. എ, ഐ ഗ്രൂപ്പുകളിലെ പ്രബലരായ നേതാക്കളുള്ള ജില്ലയിൽ എല്ലാവരുമായും വ്യക്തിബന്ധം പുലർത്താൻ കഴിഞ്ഞ അപൂർവം നേതാവുകൂടിയായിരുന്നു ഉമ്മൻ ചാണ്ടി. പഴയതലമുറയിലെയും പുതുതലമുറയിലെയും പ്രവർത്തകരുമായും നേതാക്കളുമായും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായിപ്പോലും ഊഷ്മളബന്ധം നിലനിർത്തി.
എത്ര തിരക്കുകൾക്കിടയിലും പ്രവർത്തകരുടെയും നേതാക്കളുടെയും നേട്ടങ്ങളിലും നഷ്ടങ്ങളിലും വിവരങ്ങളന്വേഷിച്ച് അദ്ദേഹത്തിന്റെ വിളിയെത്തിയിരുന്നു. വിവാഹചടങ്ങുകളിൽ നവദമ്പതികളെ ആശംസകൾ അറിയിച്ചും വിയോഗങ്ങളിൽ ഉറ്റവർക്ക് സാന്ത്വനമായും കോൺഗ്രസുകാർ അവരുടെ പ്രിയ നേതാവിനെ കണ്ടു. ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസുകർക്ക് അത്രയധികം വേദനയാകുന്നതും തലക്കനമില്ലാത്ത ഈ നേതാവിന്റെ ഇത്തരം ഇടപെടലുകൾകൊണ്ടാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, നടന്ന സമ്പർക്ക പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് ജില്ലയിൽ ലഭിച്ചത്. നിർധനരും നിരാശ്രയരുമായ ആയിരക്കണക്കിനുപേർക്ക് ഇതിന്റെ ഗുണഫലങ്ങൾ ലഭിച്ചു. രാവിലെ ആരംഭിച്ച് അടുത്ത ദിവസം പുലരും വരെ വിശ്രമമില്ലാതെ അദ്ദേഹം പരാതികൾ കേട്ട ‘ഫാത്തിമാ മാതാ നാഷനൽ കോളജ്’ കാമ്പസിലെ ജനസമ്പർക്കപരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ച് ഇളനീർ മാത്രം കുടിച്ചായിരുന്നു പാതിരാവും കഴിഞ്ഞ് പുലർകാലത്തേക്ക് നീണ്ട ജനസമ്പർക്ക പരിപാടിക്ക് സമാപനമായത്.
2100 പേര്‍ക്ക് പരിപാടിയിൽ വെച്ചുതന്നെ ധനസഹായം ലഭിച്ചു. എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ കാര്‍ഡാക്കി മാറ്റാന്‍ ഏറെ അപേക്ഷകരാണ് എത്തിയത്. കൊട്ടാരക്കര താലൂക്കില്‍ 320 പേര്‍ക്ക് 12.39 ലക്ഷം രൂപയും കുന്നത്തൂര്‍ താലൂക്കില്‍ 347 പേര്‍ക്ക് 18.32 ലക്ഷം രൂപയും കരുനാഗപ്പള്ളി താലൂക്കില്‍ 450 പേര്‍ക്ക് 19.72 ലക്ഷം രൂപയും പത്തനാപുരം താലൂക്കില്‍ 99 പേര്‍ക്ക് എട്ടു ലക്ഷം രൂപയും കൊല്ലം താലൂക്കില്‍ 700 പേര്‍ക്ക് 22.5 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ആദ്യദിനം ലഭിച്ചത്. വിശദമായ പരിശോധനകൾ ആവശ്യമായവയിൽ തുടർന്നുള്ള ദിവസങ്ങളിലും സഹായം അനുവദിച്ചു.
വരള്‍ച്ച ദുരിതാശ്വാസമായി എട്ടര ലക്ഷവും മഴയില്‍ ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് 1.95 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരംം 150 പേര്‍ക്ക് 15 ലക്ഷം രൂപയും വിതരണം ചെയ്തു. കൊല്ലം ജില്ലയിൽ 2015ൽ നടന്ന ജനസമ്പർക്ക പരിപാടിയുടെ കണക്കുകൾ എം.എൽ.എയായിരുന്ന മുല്ലക്കര രത്നാകരൻ നിയസഭ സമ്മേളനത്തിൽ ആരാഞ്ഞിരുന്നു.
കൊല്ലം ജില്ലയിൽ 92000000 രൂപ അനുവദിച്ചെന്നായിരുന്നു അതിനുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. തെക്കൻ ജില്ലകളിൽ കൂടുതൽ ധനസഹായം ലഭിച്ചതും കൊല്ലത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.