പെരിയയിലെ ഗംഗാനിവാസിൽ ഉമ്മൻചാണ്ടിയും കുടുംബവും ഗംഗാധരൻനായർക്കും കുടുംബത്തിനുമൊപ്പം, ഡി.സി.സി ജനറൽ സെക്രട്ടറി ധന്യയുമുണ്ട്

ആ പൗച്ചിൽ തേഞ്ഞുപോയ ബ്രഷ്, ഒട്ടിയ പേസ്റ്റ്, പല്ലുപോയ ചീർപ്പ്

കാസർകോട്: ‘20 വർഷം മുമ്പ് ഒരുദിവസം ഉമ്മൻചാണ്ടി സർ വീട്ടിൽ വന്നു താമസിച്ച് തിരികെ പോകുമ്പോൾ അദ്ദേഹത്തിന് പൗച്ച് എടുക്കാൻ മറന്നു. അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തി തിരിച്ച് അച്ഛനെ വിളിച്ച് തന്റെ പൗച്ച് അവിടെ മറന്നുപോയിട്ടുണ്ട്, ഒന്ന് കൊറിയറിൽ അത് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.’ ഇതുകേട്ട് അച്ഛൻ ‘ഒരു മിനുട്ട്, ഞാനൊന്ന് നോക്കട്ടെ’ എന്ന് പറഞ്ഞ് പരതിയപ്പോൾ ഉമ്മൻചാണ്ടി പറഞ്ഞ പൗച്ച് കിട്ടി. ‘പൗച്ച് കിട്ടി, അതിൽ എന്താണ് ഉമ്മൻചാണ്ടി ഉള്ളത്. അതിലുള്ളതിന്റെ വിലയേക്കാൾ അത് കൊറിയർ ചെയ്യാൻ പണം വേണ’മെന്ന് അച്ഛന്റെ മറുപടി. അതുകേട്ട് വീട്ടിലുള്ള ഞങ്ങൾ എല്ലാവരും ചിരിച്ചു. ഞങ്ങൾ അത് തുറന്നുനോക്കിയപ്പോൾ അതിലുണ്ടായിരുന്നത് തേഞ്ഞുപോയി അറ്റം കണ്ട ബ്രഷ്, ഒട്ടിയ പേസ്റ്റ്, പല്ലുപോയ ചീർപ്പ് എന്നിവയൊക്കെയായിരുന്നു.’ഉമ്മൻചാണ്ടിയുടെ എ ഗ്രൂപ്പിന്റെ കാസർകോട്ടെ ഒന്നാമൻ എന്ന് വിശേഷിപ്പിക്കുന്ന അന്തരിച്ച പി. ഗംഗാധരൻ നായരുടെ മകളും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ധന്യ സുരേഷ് ഓർമിച്ചു.

എല്ലാ അവധിക്കാലത്തും ഉമ്മൻചാണ്ടിയും കുടുംബവും ഗംഗാധരൻനായരുടെ പെരിയ ‘ഗംഗാനിവാസി’ൽ എത്തുമായിരുന്നു. അവിടെ രണ്ടു നേതാക്കളും പോയികഴിഞ്ഞാൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലും കാഴ്ചകാണാൻ പോക്കും പതിവായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ മംഗളുരു നിട്ടെ എഞ്ചിനിയറിങ് കോളജിൽ പഠിക്കുമ്പോൾ രക്ഷ കർത്താവ് ഗംഗാധരൻ നായരായിരുന്നു. മറിയ പലപ്പോഴും താമസിച്ചത് പെരിയ ‘ഗംഗാ നിവാസിലും’. കാസർകോട് പാർട്ടി പരിപാടിക്ക് വന്നാൽ പെരിയയിൽ എത്തും. അപ്പോഴേക്കും അവിടെ ആൾക്കൂട്ടവും പ്രത്യക്ഷപ്പെടും. ‘ബാത് റൂമിലിരിക്കെ വാതിൽ പഴുതിലൂടെ നിവേദനം വാങ്ങിയ നേതാവായിരുന്നു ഉമ്മൻചാണ്ടി സർ. പരിപാടികൾ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ചെരിപ്പ് അഴിക്കാതെ തന്നെ തളർന്നുറങ്ങും. കൂടുതൽ ആളുണ്ടെങ്കിൽ കട്ടിലിൽ നിന്നും കിടക്ക താഴെ വിരിച്ചിട്ട് മൂന്നും നാലുപേർക്ക് ഒപ്പം ഇറുങ്ങി കിടന്നുറങ്ങുമായിരുന്നു സംസ്ഥാനത്തെ ഏറ്റവും തലയെടുപ്പുള്ള നേതാവ്’. ‘ജനങ്ങൾക്ക് ഊർജം പകർന്നപോലെ വ്യക്തികൾക്കും ഊർജംപകരാനുള്ള സവിശേഷമായ കഴിവ് ഉമ്മൻചാണ്ടിക്കുണ്ടായിരുന്നു.

അച്ഛൻ കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിടിവിട്ടുപോയ അവസ്ഥയുണ്ടായിരുന്നു. അമേരിക്കയിലുള്ള ചേച്ചിയെ വരെ വിവരം അറിയിച്ചിരുന്നു. സ്ഥിതി ഗുരുതരം എന്ന് ഉമ്മൻചാണ്ടിയെ അറിയിച്ചപ്പോൾ അദ്ദേഹം കൊയമ്പത്തൂരിലേക്ക് ഓടിയെത്തി. ഉമ്മൻ ചാണ്ടിയെ കണ്ടതും എവിടെ നിന്നറിയാത്ത ഒരു ഊർജം അച്ഛനെ തേടിയെത്തി. ഡോക്ടർമാർ പോലും അമ്പരന്നു. വല്ലാത്ത മിറാക്കിൾ ആയിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരുമണിക്കൂറോളം അച്ഛനും ഉമ്മൻചാണ്ടിയും സംസാരിച്ചു. തുടർന്ന് അച്ഛൻ ജീവിച്ചത് രണ്ടു വർഷം, 2020 മെയ് 15വരെ. അച്ഛന്റെയും അമ്മയുടെയും കല്യാണം മുതൽക്കുള്ള ആത്മ ബന്ധമാണ്. ആ ബന്ധം അച്ഛന്റെ വിയോഗശേഷവും ഉമ്മൻചാണ്ടി ഞങ്ങളുടെ കുടുംബത്തോട് കാണിച്ചു. ഞങ്ങൾക്ക് നഷ്ടമായത് രക്ഷകർത്താവിനെയാണ് ധന്യ ഓർത്തു.

Tags:    
News Summary - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.