ജോലിക്കായി വീണ്ടും ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ അനുപമ

കോഴിക്കോട്: ജോലിക്കായി ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ വീണ്ടും അനുപമ വിജയരാജന്‍. അളകാപുരിയില്‍ നടന്ന പുരസ്കാര സമര്‍പ്പണ ചടങ്ങിനിടയില്‍ ഇതുസംബന്ധിച്ച് നിവേദനം അനുപമ ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ജനകീയ സംവാദത്തിലാണ് അംഗപരിമിതയായ മലാപറമ്പ് മാസ് കോര്‍ണറില്‍ ലക്ഷ്മീമാധവത്തില്‍ എം.കെ. അനുപമ വിജയരാജന് ജോലി വാഗ്ദാനമുണ്ടായത്.

ബാങ്കില്‍ ജോലി നല്‍കുമെന്നാണ് സംവാദത്തില്‍ പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ജോലി നല്‍കുമെന്ന് പറഞ്ഞവര്‍ വാഗ്ദാനം ചെയ്ത പ്രകാരം നഗരത്തിലെ സഹകരണ ബാങ്കില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ചു.

പത്തുമാസം കഴിഞ്ഞിട്ടും സ്ഥിരപ്പെടുത്താത്തതിനാലും ജോലി സംബന്ധിച്ചുള്ള വ്യക്തയില്ലാത്തതിനാലുമാണ് ജോലി നിര്‍ത്തേണ്ടിവന്നതെന്ന് അനുപമ ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയ നിവേദനത്തില്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍ തന്‍െറ ഒഴിവില്‍ മറ്റൊരാളെ നിയമിച്ചുവെന്നും രണ്ടാം ലിസ്റ്റിലാണ് തന്നെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അനുപമ പറയുന്നു. പത്തുമാസം കഴിഞ്ഞിട്ടും ജോലിയില്‍ അനിശ്ചിതത്വം ഉണ്ടായതിനാലാണ് മറ്റൊരു മാര്‍ഗവുമില്ലാതെ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ജോലിക്ക് പോകുന്നത് നിര്‍ത്തേണ്ടിവന്നതെന്നും പറയുന്നു. എന്‍.കെ. വിജയരാജന്‍െറയും റിട്ട. അധ്യാപിക ഭാനുമതിയുടെയും ഏകമകളാണ്.

പ്രായമായ അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ ഒരു ജോലിയാണ് അനുപമക്ക് ഇപ്പോള്‍ വേണ്ടത്. ബാങ്ക് അധികൃതരുമായി സംസാരിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി. ബിരുദധാരിയായ അനുപമക്ക് മറ്റൊരു ജോലിയും ഇതുവരെ ലഭിച്ചിട്ടില്ല. ജോലി ലഭിക്കുമെന്ന അനുകൂല പ്രതീക്ഷയോടെയാണ് അനുപമയും പ്രായമായ അമ്മയും മടങ്ങിയത്.

 

Tags:    
News Summary - oommen chandy anupama vijayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.